മനാമ: ഇന്ത്യയിൽനിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ ആളുകളെ കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചെങ്കിലും സന്ദർശക വിസയിലുള്ളവർക്ക് പ്രയോജനം ലഭിക്കില്ല. ബഹ്റൈൻ കേരളീയ സമാജത്തിൻെറ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് എത്തിയ ഗൾഫ് എയറിൻെറ ചാർേട്ടഡ് വിമാനത്തിൽ കയറാൻ എത്തിയ ഏതാനും സന്ദർശക വിസക്കാരെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്ന്, ചാർേട്ടഡ് വിമാനത്തിൽ വരാൻ സന്ദർശക വിസക്കാർ തൽക്കാലം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേരളീയ സമാജം.
കാലാവധിയുള്ള റസിഡൻറ് പെർമിറ്റ് ഉള്ളവർക്കാണ് ഇപ്പോൾ ബഹ്റൈനിലേക്ക് വരാൻ കഴിയുന്നത്. സന്ദർശക വിസയിൽ വരാനിരുന്നവർ ഇനിയും കാത്തിരിക്കണം. നേരത്തേ, വന്ദേഭാരത് വിമാനങ്ങളിൽ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവന്നപ്പോഴും സന്ദർശക വിസക്കാരെ വിലക്കിയിരുന്നു. സന്ദർശകവിസയിൽ എത്തി ജോലിതേടുന്ന ഒേട്ടറെ പേരുണ്ട്. മക്കളുടെ അടുത്തെത്താൻ കാത്തിരിക്കുന്ന മാതാപിതാക്കളും മാതാപിതാക്കളുടെ അടുത്തെത്താൻ കാത്തിരിക്കുന്ന മക്കളുമുണ്ട്. ഇവരെല്ലാം സന്ദർശകവിസയിൽ വരാൻ കാത്തിരിക്കുന്നവരാണ്. ദുബൈ സന്ദർശക വിസക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തിൽനിന്ന് ഒരു യാത്രക്കാരി സന്ദർശക വിസയിൽ അവിടെ എത്തുകയും ചെയ്തു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതിനാൽ, കഴിഞ്ഞയാഴ്ച ഇൗ യാത്രക്കാരിയെ വിമാനത്താവളത്തിൽനിന്ന് മടക്കിയിരുന്നു. പിന്നീടാണ് ഇന്ത്യയും അനുമതി നൽകിയത്. ഇതുപോലെ ബഹ്റൈനിലേക്ക് വരാനും വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിസിറ്റ് വിസക്കാർ. ഇന്ത്യയുമായി എയർ ബബ്ൾ കരാറിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്കാണ് ഏതു വിസക്കാർക്കും യാത്രാ അനുമതി ഉള്ളത്. ബഹ്റൈനുമായി ഇതുവരെ ഇൗ കരാറിൽ ഏർപ്പെട്ടിട്ടില്ല. യു.എ.ഇയുമായി ഇന്ത്യ എയർ ബബ്ൾ കരാറിലെത്തിയിട്ടുണ്ട്. സന്ദർശക വിസക്കാരുടെ വിഷയത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ നോർക്ക അധികൃതരെ ബന്ധപ്പെട്ടിരുന്നു. ബഹ്റൈൻ സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ തീരുമാനത്തിലെത്തേണ്ട വിഷയമാണ് ഇതെന്നാണ് നോർക്ക അറിയിച്ചത്. ജോലിതേടി പോകുന്നവർക്ക് എല്ലാ സഹായവും ചെയ്യാൻ നോർക്ക ഒരുക്കമാണെന്നും മറുപടി നൽകി. സന്ദർശക വിസയിലുള്ളവർക്ക് ബഹ്റൈനിലേക്ക് വരുന്നതിന് അനുമതിക്കായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.