മനാമ: ലോകമെങ്ങുമുള്ള സഭാ വിശ്വാസികൾക്കെന്നപോലെ പ്രവാസഭൂമിക്കും പ്രിയങ്കരനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. നിരവധി തവണ ബഹ്റൈൻ സന്ദർശിച്ചിട്ടുള്ള അദ്ദേഹം പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ സിജീവമായി ഇടപെട്ടിരുന്നു.
സഭാ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ എല്ല കാര്യങ്ങളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ ചൂണ്ടിക്കാട്ടുന്നു. 2014 ലാണ് അദ്ദേഹം അവസാനമായി ബഹ്റൈൻ സന്ദർശിച്ചത്. കഷ്ടാനുഭവ ശുശ്രൂഷകളുടെ ഭാഗമായി ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കാനും സമയം കണ്ടെത്തി.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചും വികസന കാര്യങ്ങളിലുമെല്ലാം മികച്ച അവബോധമുള്ളയാളായിരുന്ന അദ്ദേഹം, അന്ന് വിവാദമായ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലടക്കം വ്യതിരിക്തമായ അഭിപ്രായമാണ് പങ്കുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുടിയേറ്റം നടത്തിയ കർഷക ജനതയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരൂപമായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ പള്ളികൾക്ക് സ്ഥലവും സൗകര്യവും നൽകിയ ബഹ്റൈനിലെ ഭരണാധികാരികളുടെ സഹിഷ്ണുതയെയും സമാധാനപരമായ സഹവർത്തിത്വത്തെയും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സഭാ വിശ്വാസികളെ മാത്രമല്ല, പ്രവാസഭൂമിയെ ആകമാനം ദുഃഖത്തിലാഴ്ത്തുകയാണ്.
കാതോലിക്ക ബാവ മലങ്കരയിലെ താപസ ശ്രേഷ്ഠൻ -രാജു കല്ലുംപുറം
മനാമ : കേരളത്തിലെ ക്രൈസ്തവ സഭ നേതാക്കളിൽ താപസ ശ്രേഷ്ഠനായിരുന്നു അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്ന് .ഐ.സി.സി മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണ്.
വളരെ ചെറിയ പ്രായത്തിൽതന്നെ സർക്കാർ ഉദ്യോഗം രാജിവച്ച് വൈദിക വേലയിലേക്ക് തിരിഞ്ഞ ബാവ തന്റെ ജീവിതത്തിലുടനീളം പ്രതിസന്ധികളോട് പോരാടിയാണ് മുന്നോട്ടുപോയത് എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
മനാമ : പ്രതിസന്ധികളിൽനിന്ന് ഊർജം സംഭരിച്ച ആത്മീയ നേതാവായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം അനുസ്മരിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക നേതാവ് എന്നതിലുപരി, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ എല്ലാം കൃത്യമായി പൂർത്തിയാക്കാൻ അക്ഷീണം പ്രയത്നിച്ച നേതാവ് എന്നായിരിക്കും അദ്ദേഹത്തെ അടുത്ത തലമുറ വിശേഷിപ്പിക്കുന്നത്.
കോളജിൽനിന്നോ, യൂനിവേഴ്സിറ്റികളിൽനിന്നോ ലഭിക്കുന്ന അറിവുകൾ അല്ല ഒരു മനുഷ്യനെ നേതാവ് ആക്കുന്നത്, ജീവിത യാഥാർഥ്യങ്ങളിൽനിന്ന് ലഭിക്കുന്ന അനുഭവസമ്പത്താണ് ഒരു മനുഷ്യനെ മഹാനാക്കുന്നത് എന്ന് ശ്രേഷ്ഠ ബാവയുടെ ജീവിതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിവിധ അവസരങ്ങളിൽ ബഹ്റൈൻ സന്ദർശിച്ചിട്ടുണ്ട്. 2014ലെ ബാവയുടെ ബഹ്റൈനിലെ ഇടയ സന്ദർശനം ബഹ്റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ചായിരുന്നു. മലങ്കരയിലെ സഭാ പിളർപ്പിന്റെ അലയൊലികളുടെ ഭാഗമായി ഇവിടെയുണ്ടായിരുന്ന യാക്കോബായ വിശ്വാസികൾക്ക് പള്ളി നഷ്ടപ്പെട്ട സാഹചര്യം ബാവ അന്ന് അനുസ്മരിച്ചിരുന്നു.
വിശ്വാസികൾ ചേർന്ന് പുതിയ പള്ളി സ്ഥാപിക്കുന്നതിന് സഹിച്ച കഷ്ടപ്പാടുകളെയും, യാതനകളെയും അദ്ദേഹം സ്മരിക്കുകയുണ്ടായി. ബാവ ഇവിടെ ചെലവഴിച്ച മൂന്നാഴ്ച സമൂഹത്തിന്റെ നാനാ തുറകളിൽപെട്ട അനേകം ആളുകൾ ബാവയെ വന്നു കാണുകയുണ്ടായി.
ബാവ വിവിധ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുകയുമുണ്ടായി. അന്ന് നാട്ടിൽ കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ച ചെയ്യപ്പെടുന്ന സമയമായിരുന്നു. ബാവ ആ വിഷയതിൻമേൽ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയം വ്യക്തമായി പഠിക്കാതെ ആരവങ്ങൾ ഉണ്ടാക്കരുത് എന്നായിരുന്നു ബാവയുടെ നിലപാട്. അതേ സമയം ഇതിന്റെ പേരിൽ പാവപ്പെട്ടവർ കുടിയിറക്കപ്പെടരുതെന്നും ബാവ വ്യക്തമാക്കി.
മലങ്കര സഭാ തർക്കത്തിൽ വ്യക്തമായ നിലപാട് ബാവക്കുണ്ടായിരുന്നു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോട് എക്കാലവും ചേർന്നുനിൽക്കണമെന്നും, ഒരിക്കൽപോലും സുറിയാനി സഭാ വിശ്വാസത്തിൽനിന്നും വ്യതിചലിക്കരുതെന്നും ബാവ എപ്പോഴും ഉദ്ബോധിപ്പിക്കുമായിരുന്നു.
ഇവിടുത്തെ സന്ദർശന വേളയിൽ ഇവിടത്തെ രാജ കുടുംബത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. സഹിഷ്ണുതയുടെ പ്രതീകമായ ഈ രാജ്യത്തെയും ഇവിടുത്തെ ജനതയെയും ബാവ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.