മനാമ: ബഹ്റൈൻ-ഹംഗേറിയൻ ബന്ധങ്ങൾ ശക്തമാക്കാൻ ധാരണയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ സയാനിയും ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോയും ഇതുസംബന്ധിച്ച കരാറുകളിൽ ഒപ്പുവെച്ചു. ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഹംഗേറിയൻ മന്ത്രി ഹമദ് രാജാവുമായും ചർച്ച നടത്തി.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക, വ്യാപാര സഹകരണം വർധിപ്പിക്കുന്നതിനുമുള്ളതാണ് കരാർ. വിദ്യാഭ്യാസ മേഖലയിലും പരസ്പര സഹകരണമുണ്ടാകും. ബഹ്റൈനി വിദ്യാർഥികൾക്ക് ഹംഗേറിയൻ സ്കോളർഷിപ്പിന്റെ ഭാഗമായി ഹംഗറിയിൽ ഉപരിപഠനത്തിനുള്ള അവസരമുണ്ടാകും.
എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കാനുള്ള സംയുക്ത സാമ്പത്തിക സമിതിയുടെ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്ത മന്ത്രിമാർ ഗസ്സയിൽ, ശാശ്വത വെടിനിർത്തലിന് വേണ്ടിയുള്ള ശ്രമങ്ങളും മാനുഷിക സഹായങ്ങളും ശക്തമാക്കാനുള്ള മാർഗങ്ങളും ആരാഞ്ഞു. മേയിൽ ബഹ്റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടിയുടെ ഫലങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കുന്നതിനുമുള്ള ബഹ്റൈന്റെ ആഹ്വാനത്തെ ഹംഗേറിയൻ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇസ്രായേൽ-ഫലസ്തീൻ പ്രതിസന്ധി, ലോകമെമ്പാടും സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.
ഇരു വിദേശകാര്യ മന്ത്രിമാരും സംയുക്ത വാർത്ത സമ്മേളനവും നടത്തി. എണ്ണ പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന, സുസ്ഥിര വികസന മന്ത്രി നൂർ അൽ ഖുലൈഫ്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്, യുവജന, കായിക കാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി എന്നിവരുമായും ഹംഗേറിയൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.