മനാമ: ഹജ്ജ്, ഉംറ മേഖലകളിൽ ബഹ്റൈനും സൗദിയും സഹകരണം ശക്തമാക്കുന്നു. കഴിഞ്ഞദിവസം ബഹ്റൈൻ സന്ദർശനത്തിനെത്തിയ സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച സഹകരണക്കരാറിൽ ഒപ്പുവെച്ചത്.
റബീഅയെയും സംഘത്തെയും ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത മന്ത്രി, ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ഇഴയടുപ്പം വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും ഇരു മന്ത്രിമാരും പങ്കുവെച്ചു.
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ ഒരുക്കങ്ങളെ സംബന്ധിച്ചും കഴിഞ്ഞ ഹജ്ജ് സീസൺ വിജയകരമായതിന്റെ പശ്ചാത്തലവും ചർച്ച ചെയ്തു. ഹജ്ജ്, ഉംറ മേഖലകളിൽ ഇരുരാജ്യങ്ങൾക്കിടയിലും സഹകരണമുണ്ടാകുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് ഡോ. റബീഅ വ്യക്തമാക്കി.
ഇതുസംബന്ധിച്ച കരാറിൽ ഇരു മന്ത്രിമാരും ഒപ്പുവെക്കുകയും ചെയ്തു. യോഗത്തിൽ ബഹ്റൈനിൽ നിന്നുള്ള ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇ-ഗവർമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി, ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി എന്നിവയുടെ പ്രതിനിധികളും സൗദിയിൽ നിന്നുള്ള ആഭ്യന്തര മന്ത്രാലയം, സകാത്, കസ്റ്റംസ്, നികുതി അതോറിറ്റി, കിങ് ഫഹദ് കോസ്വെ അതോറിറ്റി, ടൂറിസം അതോറിറ്റി, ഹജ്ജ് വളന്റിയർ പ്രോഗ്രാം, സൗദി എയർലൈൻസ്, നാസ് എയർലൈൻസ്, തഅ്ശീർ കമ്പനി എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.