മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2023) ആറാമത് പതിപ്പ് 23ന് തുടങ്ങും. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കും.
അതിനായി കന്നുകാലി-കാർഷിക മേഖലകളുടെ സംഭാവന വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ സന്ദർശകർ ധാരാളമായി മേളയുടെ മുൻ പതിപ്പുകളിൽ എത്തിയിരുന്നു. മൂന്നു ദിവസത്തെ പ്രദർശനം കാണാൻ ജനങ്ങൾക്ക് അവസരമുണ്ടെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു.
ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ പ്രദർശനം പൊതുജനത്തിന് വീക്ഷിക്കാം.രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകുമെന്ന് കൃഷിമന്ത്രി പറഞ്ഞു. അനുഭവങ്ങൾ പങ്കുവെക്കാനും രോഗ പ്രതിരോധമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനും കർഷകർക്ക് ആവശ്യമായ പിന്തുണ നൽകാനും മികച്ച രീതികളും സാങ്കേതികവിദ്യകളും പരീക്ഷിക്കാനും മേള സഹായകമാകും.
ശാസ്ത്രീയ, നിക്ഷേപ, സാങ്കേതിക, വിനോദ പരിപാടിയായി മറാഇ 2023 മാറും. മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മികച്ച കന്നുകാലി, പക്ഷി ഇനങ്ങളെ പ്രദർശിപ്പിക്കാൻ കഴിയും. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമൊരുക്കും. മൃഗങ്ങളുമായും പക്ഷികളുമായും ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടത്തും. വിജയികളെ ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.