മനാമ: ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യൂ.ടി.എം) ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു.ടൂറിസം സംബന്ധമായ പുതിയ സംഭവവികാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം പങ്കാളികളെ കണ്ടെത്താൻ വിവിധ രാജ്യങ്ങളെയും ഏജൻസികളെയും സഹായിക്കാനുമായാണ് ട്രാവൽ മാർക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ ആറു മുതൽ എട്ടുവരെ നടക്കുന്ന ട്രാവൽ മാർക്കറ്റിൽ പുതിയ ടൂറിസം ആകർഷണങ്ങളും ലക്ഷ്യസ്ഥാന സ്ഥിതിവിവരക്കണക്കുകളും പ്രദർശിപ്പിക്കുന്നുണ്ട്. ബഹ്റൈനിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ഡബ്ല്യൂ.ടി.എം വേദി സഹായകരമായതായി ബി.ടി.ഇ.എ സി.ഇ.ഒ നാസർ അലി ഖാഇദി പറഞ്ഞു. രാജ്യത്തിന്റെ ഇക്കണോമിക് റിക്കവറി പ്ലാനിന്റെ ഭാഗമായി ആരംഭിച്ച ടൂറിസം സ്ട്രാറ്റജിയിലെ (2022-2026) നിശ്ചിത ലക്ഷ്യങ്ങൾ അനുസരിച്ചാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്.
ഇതുവഴി ജി.ഡി.പി വർധിപ്പിക്കാനും മുൻനിര ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി മാറാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്. മേഖലയിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി സേവനം, നൂതന അടിസ്ഥാനസൗകര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും അന്താരാഷ്ട്ര വിമാന റൂട്ടുകൾ പരിചയപ്പെടുത്താനും സമ്മേളനത്തിനായി. യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ പരിപാടിയോടനുബന്ധിച്ച് നടന്ന മന്ത്രിതല ഉച്ചകോടിയിലും ബി.ടി.ഇ.എ സി.ഇ.ഒ പങ്കെടുത്തു.
ബി.ടി.ഇ.എക്കൊപ്പം, ഗൾഫ് എയർ, റിറ്റ്സ്-കാൾട്ടൺ, റാഫിൾസ്, അൽ അരീൻ പാലസ്, ഇന്റർ കോണ്ടിനന്റൽ റീജൻസി, സോഫിടെൽ, ഗൾഫ് ഹോട്ടൽ ഗ്രൂപ്, വിന്ദാം ഗാർഡൻ, വിസിറ്റ് ബഹ്റൈൻ, ബെസ്റ്റ് ഓഫ് ബഹ്റൈൻ, ഡി.ഡബ്ല്യൂ.ഒ ഗെസ്റ്റ് ബഹ്റൈൻ, ഫർഹത്ത് ടൂർസ്, ഇബ്നു ഫിർനാസ് ട്രാവൽ & ടൂറിസം എന്നിവയുടെ പവിലിയനുകളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.