മനാമ: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച 1074 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17,835 പരിശോധനകൾ നടത്തിയതിൽനിന്നാണ് ഇത്രയും പേർക്ക് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ഒരുദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗനിരക്കാണ് ഇത്. പുതിയ രോഗികളിൽ 760 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 40 പേർക്ക് യാത്രയിലൂടെയും രോഗബാധയുണ്ടായി. നിലവിൽ 9100 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായിട്ടുള്ളത്.
മാർച്ച് 28ന് 1027 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനുമുമ്പുള്ള ഉയർന്ന പ്രതിദിന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ 800നും 1000ത്തിനുമിടയിലാണ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന് പരമാവധി വീടുകളിൽ തന്നെ കഴിയാനും അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തുപോകാനുമാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധപുലർത്തണം. കോവിഡ് കേസുകൾ വർധിക്കുന്നതിന് പ്രധാന കാരണം സമ്പർക്കമാണ്. അതിനാൽ, വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.
കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് ഇതുവരെ 8786 പേർക്കെതിരെയും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിന് 66,714 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഏപ്രിൽ ഒന്നുവരെ 7816 ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.