മനാമ: ബഹ്റൈനും ഇന്ത്യയുമായുള്ള വാണിജ്യ, വ്യവസായ ബന്ധങ്ങൾ കാലങ്ങളായി ശക്തമായി തുടരുന്നതാണെന്നും അവ ഇനിയും കൂടുതൽ വികസിക്കുമെന്നും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ബഹ്റൈൻ ചാപ്റ്ററിന്റെ 15ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്തമായ ബഹ്റൈൻ മുത്തുകളും ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളും ആയിരക്കണക്കിന് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തെക്കുറിച്ച് അംബാസഡർ വിനോദ് കെ. ജേക്കബ് തന്നോട് സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യമായി ക്ഷേത്രം നിലകൊള്ളുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019ലെ ബഹ്റൈൻ സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. കോവിഡ്കാലത്ത് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നൽകി ബഹ്റൈൻ, ഇന്ത്യയെ സഹായിച്ചു. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംപാദത്തിലെ കണക്കുപ്രകാരം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളർച്ച കൈവരിച്ചു. വ്യാപാരം, വാണിജ്യം, നിക്ഷേപം, ആരോഗ്യം, കൃഷി, ഭക്ഷ്യ-ഭക്ഷ്യസംസ്കരണം, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ്, ഐ.സി.ടി, ഫിൻടെക്, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബഹ്റൈനുമായി കൂടുതൽ സഹകരണ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ വനിത ദിനത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് എല്ലാ ബഹ്റൈൻ വനിതകൾക്കും ആശംസകൾ നേർന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്താൻ അവരുടെ പിന്തുണ അദ്ദേഹം തേടുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.