മനാമ: മുപ്പതോളം വിഭവങ്ങളുമായി ബഹ്റൈൻ കേരളീയ സമാജത്തിലെ ഓണസദ്യ ഇന്ന് നടക്കും. 5000 പേരെ ഊട്ടാനുള്ള ഓണസദ്യയാണ് ഒരുക്കുന്നതെന്ന് പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. കലവറയും ഊട്ടുപുരയും വ്യാഴാഴ്ച രാവിലെ മുതൽ സജീവമാണ്. പഴയിടം മോഹനൻ നമ്പൂതിരിയും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ഇവരെക്കൂടാതെ സമാജം അംഗങ്ങളും വനിതാവേദി ഭാരവാഹികളുമടക്കം മുന്നൂറോളം പേർ ഊട്ടുപുരയിൽ സജീവമായുണ്ട്. അടപ്രഥമൻ, പാൽപായസം, ചെറുപരിപ്പ് പായസം എന്നിവക്ക് പുറമെ ഇത്തവണ കുമ്പളങ്ങകൊണ്ടുള്ള പ്രത്യേക പായസവും ഉണ്ടാക്കുമെന്ന് പഴയിടം നമ്പൂതിരി പറഞ്ഞു.
ബഹ്റൈനിലെ ഏറ്റവും വലിയ ഓണസദ്യയാണ് കേരളീയസമാജത്തിലൊരുങ്ങുന്നത്. ആധുനിക സൗകര്യങ്ങളുള്ള ഊട്ടുപുരയും 1500 ആളുകൾക്ക് ഒരേസമയം സദ്യ കഴിക്കാനുള്ള ഹാളുമാണൊരുക്കിയിരിക്കുന്നത്. ഓരോ വരിയിലും പ്രത്യേകം പ്രത്യേകം യൂനിഫോമിട്ട വിളമ്പുകാരടക്കമുള്ള സംഘങ്ങളുടെ സദ്യവിളമ്പൽ ഡെമോൺസ്ട്രേഷൻ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. കൂപ്പൺ ലഭിച്ചവർക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ചെറിയ സമയവ്യത്യാസത്തിൽ എത്തിച്ചേരാൻ കഴിയാത്തവർക്കായി ശീതീകരിച്ച പ്രത്യേക കാത്തുനിൽപ് കേന്ദ്രവും സമാജം ഓഡിറ്റോറിയത്തിന് പുറത്ത് തയാറായിക്കഴിഞ്ഞു. സമാജം അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിളമ്പുന്ന ഓണസദ്യയിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമടക്കം എത്തുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ശ്രാവണം കൺവീനർ സുനേഷ് സാസ്കോ, ഓണസദ്യ കൺവീനർ ഉണ്ണി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സദ്യയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.