ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞാൻ ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയിൽനിന്ന് മാറാൻ ആഗ്രഹിക്കുന്നു. മറ്റേതെങ്കിലും കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടിയാൽ മാറാൻ പറ്റുമോ? വിസ ഒരു വർഷം ബാക്കിയുണ്ട്. ഞാൻ ഈ കമ്പനിയിൽ ആറുവർഷം ആയി. നാട്ടിൽപോകുമ്പോൾ ടിക്കറ്റ് ഒന്നും തരുന്നില്ല-അബ്ദുൽ അസീസ്
ഇവിടെ ജോലി മാറാൻ ഏറ്റവുംനല്ല സമയം തൊഴിൽ കരാർ തീരുന്ന വേളയാണ്. ഒരു തൊഴിൽ കരാർ തീരുമ്പോൾ അത് പുതുക്കാതിരിക്കുക. അപ്പോൾ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങി ഒന്നുകിൽ നാട്ടിൽപോയി തിരിച്ചുവരുക. അല്ലെങ്കിൽ ഇവിടെനിന്ന് വേറെ തൊഴിൽ വിസയിലേക്ക് മാറുക. ഇതല്ലെങ്കിൽ ജോലി മാറാൻ സാധാരണഗതിയിൽ പല പ്രയാസങ്ങളും നേരിടേണ്ടിവരും. അത് ഓരോ തൊഴിലുടമയുടെയും സമീപനംപോലെയിരിക്കും. തൊഴിലാളികൾ തൊഴിൽ കരാറിന്റെ കാലാവധിക്കുള്ളിൽ വേറെ ജോലി മാറുന്നത് അംഗീകരിക്കാൻ തൊഴിലുടമകൾക്ക് വലിയ പ്രയാസമാണ്. അതിന് പല കാരണങ്ങളുണ്ട്.
താങ്കളുടെ കാര്യത്തിൽ ഒരു സ്ഥാപനത്തിൽ അഞ്ചുവർഷം കഴിഞ്ഞതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് നൽകി കരാർ റദ്ദുചെയ്യാൻ സാധിക്കും. ഇവിടെനിന്ന് ജോലി മാറുന്ന കാര്യം താങ്കളുടെ തൊഴിലുടമയുടെ സമീപനംപോലെയിരിക്കും. നാട്ടിൽ പോകുന്നതിനുള്ള ടിക്കറ്റിന്റെ കാര്യം താങ്കളുടെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാണ്. തൊഴിൽ കരാറിൽ അവധിക്കുപോകുമ്പോൾ ടിക്കറ്റ് തരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ലഭിക്കും. ഇല്ലെങ്കിൽ ലഭിക്കുകയില്ല. തൊഴിൽ നിയമത്തിലോ എൽ.എം.ആർ.എ നിയമത്തിലോ അവധിക്ക് പോകുമ്പോൾ ടിക്കറ്റ് നൽകണമെന്ന് വ്യവസ്ഥയില്ല. ജോലി കഴിഞ്ഞ് കരാർ റദ്ദുചെയ്ത് പോകുന്ന സമയത്ത് തൊഴിലാളിയെ തിരികെ നാട്ടിൽ അയക്കേണ്ട ബാധ്യത തൊഴിലുടമക്കുണ്ട്. ഈ വ്യവസ്ഥ എൽ. എം.ആർ.എ നിയമത്തിലുണ്ട്. ജോലിയില്ലാതെ ഒരു തൊഴിലാളിയെ ഇവിടെ താമസിക്കാൻ അനുവദിക്കാതിരിക്കാനാണ് ഈ വ്യവസ്ഥ.
തൊഴിലാളിയുടെ കടമകൾ
1. ഇവിടത്തെ നിയമങ്ങൾ പാലിക്കാൻ എല്ലാ തൊഴിലാളികളും ബാധ്യസ്ഥരാണ്. നിയമലംഘനങ്ങൾ ഒരിക്കലും ആരെയും സഹായിക്കില്ല. നിയമങ്ങൾ പാലിക്കേണ്ടത് എല്ലാ വിദേശീയരുടെയും കടമയാണ്.
2. ഒരു തൊഴിലാളിക്കുവേണ്ടി കൊടുക്കേണ്ട എല്ലാ ഗവൺമെന്റ് ഫീസും തൊഴിലുടമയാണ് കൊടുക്കേണ്ടത്. ഈ ആവശ്യങ്ങൾക്കൊന്നും തൊഴിലാളി പണം കൊടുക്കേണ്ടതില്ല. തൊഴിലില്ലായ്മക്കുള്ള ഇൻഷുറൻസ് ഒരു ശതമാനം തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് നൽകണം. അത് തൊഴിലുടമക്ക് ശമ്പളത്തിൽനിന്ന് പിടിക്കാം.
3. ശമ്പളം സമയത്ത് ലഭിക്കുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം. അധികം താമസിയാതെ പരാതി നൽകുന്നതാണ് നല്ലത്. എംബസിയിൽ അറിയിക്കുന്നതും നല്ലതാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.