മനാമ: പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ബഹ്റൈനിലെ മത്സരങ്ങളുടെ പ്രഖ്യാപനം മദീനയിൽ പ്രവാചകരുടെ മസ്ജിദിന് സമീപത്ത് വെച്ച് സയ്യിദ് ബാഫഖി കോയ തങ്ങളും രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ചെയർമാൻ സകരിയ ഷാമിൽ ഇർഫാനിയും ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂലും ചേർന്ന് നിർവഹിച്ചു.
ബഹ്റൈനിലടക്കം പത്തൊൻപത് രാഷ്ട്രങ്ങളിൽ പ്രവാസി മലയാളികളായ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സർഗശേഷിയെയും ആവിഷ്കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധ ഇനം കലാ മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടത്തും.
കുടുംബ വേദിയിൽനിന്നും തുടങ്ങി ബഹ്റൈനിൽ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പത് യൂനിറ്റുകളിലും പത്ത് സെക്ടറുകളിലും മൂന്ന് സോണുകളിലുമായി നടക്കുന്ന മത്സരങ്ങൾക്കുശേഷം നവംബർ ആദ്യ വാരത്തിൽ നാഷനൽ തലത്തിൽ സാഹിത്യോത്സവ് നടക്കും. ഓരോ ഘടകത്തിൽനിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥിക്കാണ് തൊട്ടു മുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരമുണ്ടാവുക.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
നവംബർ ആദ്യ വാരം നടക്കുന്ന നാഷനൽ സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.
മാപ്പിളപ്പാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ, കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്രരചന ഉൾപ്പെടെ 99 ഇനങ്ങളിലാണ് സാഹിത്യോത്സവിൽ മത്സരങ്ങൾ നടക്കുക.
മദീന മുനവ്വറയിൽ നടന്ന ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ് കാലത്തിന്റെ പ്രഖ്യാപന ചടങ്ങിൽ ആർ.എസ്.സി ഗ്ലോബൽ ഭാരവാഹികളായ ഉമർ അലി കോട്ടക്കൽ, ഷമീർ പി.ടി, നൂറുദ്ദീൻ സഖാഫി, ബഹ്റൈൻ ഭാരവാഹികളായ അഷ്റഫ് മങ്കര, സഫ്വാൻ സഖാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.