മനാമ: സ്ത്രീശാക്തീകരണത്തിൽ ബഹ്റൈൻ മുന്നേറ്റം അത്ഭുതകരമാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. ബഹ്റൈൻ വനിത ദിനാചരണത്തോടനുബന്ധിച്ചാണ് രാജ്യത്തെ വനിത മുന്നേറ്റത്തെക്കുറിച്ച് മന്ത്രിസഭ വിലയിരുത്തിയത്.
രാജപത്നി പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ വനിത സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വനിതകളുടെ സർവതോമുഖമായ പുരോഗതിക്കും വളർച്ചക്കും ശാക്തീകരണത്തിനും നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയംകണ്ടതായും യോഗം വിലയിരുത്തി. കൂടുതൽ പദ്ധതികളിലൂടെ ഇനിയും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ വനിത സുപ്രീം കൗൺസിലിന് സാധ്യമാവട്ടെയെന്നും ആശംസിച്ചു.
യു.എ.എ ഏകീകരണത്തിന്റെ 52ാമത് വാർഷികത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ, വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും യു.എ.ഇ ജനതക്കും കാബിനറ്റ് ആശംസകൾ നേർന്നു. യു.എ.ഇ ആതിഥേയത്വം വഹിച്ച യു.എൻ കാലാവസ്ഥ വ്യതിയാന ഫ്രെയിംവർക് 28ാമത് കൺവെൻഷനിൽ ബഹ്റൈൻ പങ്കാളിയായത് നേട്ടമാണെന്ന് വിലയിരുത്തി. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി വ്യവസായിക മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക സുരക്ഷ കൈവരിക്കുന്നതിന് പിന്തുണ നൽകുന്ന സംരംഭങ്ങൾക്ക് ശക്തിപകരാൻ തീരുമാനിച്ചു.
മൽസ്യബന്ധനം, സമുദ്ര സമ്പദ് സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുന്നതിന് അനുയോജ്യമായ മന്ത്രാലയത്തെയും മന്ത്രിയെയും നിർണയിക്കുന്നതിനുള്ള മന്ത്രിതല സമിതി നിർദേശം കാബിനറ്റ് പരിഗണിച്ചു. വിവിധ രാജ്യങ്ങളിലെ സന്ദർശനങ്ങളും അവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിലെ പങ്കാളിത്തവും സംബന്ധിച്ച റിപ്പോർട്ട് കാബിനറ്റിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.