മത്സരത്തിെന്‍റ 59ാം മിനിറ്റിൽ രാഹുൽ ഭേക്കെ ഇന്ത്യയുടെ സമനില ഗോൾ നേടുന്നു // ചിത്രം: ശിഹാബ് പ്ലസ്

സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ ബഹ്റൈന് വിജയം

മനാമ: സ്റ്റേഡിയത്തിൽ ആവേശത്തിന്‍റെ അലമാല തീർത്ത ആരാധകരുടെ ആർപ്പുവിളികൾക്കും ഇന്ത്യയെ വിജയ തീരത്തെത്തിക്കാനായില്ല. ബഹ്റൈനെതിരെ ഒരു വിജയമെന്ന ഇന്ത്യയുടെ സ്വപ്നം ഇത്തവണയും പൂവണിയാതെ അവശേഷിച്ചു. ചരിത്രത്തിന്റെ ആവർത്തനം പോലെ 1-2 എന്ന സ്കോറിന് ആതിഥേയരുടെ മുന്നിൽ തോൽവിയോടെ ഇന്ത്യ സൗഹൃദ പര്യടനത്തിന് തുടക്കമിട്ടു.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ ബഹ്റൈന് ലഭിച്ച പെനാൽറ്റി തടുത്തിട്ട ഗോളി ഗുർപ്രീത് സിങ് സന്ധു ഇന്ത്യക്ക് അതിഗംഭീരമായ തുടക്കമാണ് നൽകിയത്. ഇത്തവണ ഇന്ത്യ ചരിത്രം മാറ്റിയെഴുതുമെന്ന് തോന്നിച്ച നിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷിയായത്. ബഹ്റൈൻ താരത്തിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാനുള്ള സന്ദേശ് ജിങ്കാന്റെ ശ്രമം ഹാൻഡ് ബാളിലാണ് കലാശിച്ചത്. ഉടൻതന്നെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടി. ഇന്ത്യൻ താരങ്ങൾ അമ്പരന്നുനിന്ന നിമിഷം. എന്നാൽ, ഇടത്തേക്ക് ചാടി അത്ഭുതകരമായി പെനാൽറ്റി സേവ് ചെയ്ത് ഇന്ത്യൻ നായകൻ കൂടിയായ ഗുർപ്രീത് ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു.

പിന്നീട്, ബഹ്റൈന്‍റെ ആക്രമണം നിറഞ്ഞുനിന്ന ആദ്യ പകുതിയുടെ 38ാം മിനിറ്റിൽ മുഹമ്മദ് ഹർദാനാണ് ആതിഥേയരുടെ ആദ്യ ഗോൾ നേടിയത്. ഇടതുവശത്തുനിന്നെത്തിയ ക്രോസ് ഹർദാൻ പോസ്റ്റിനുള്ളിലേക്ക് തൊടുത്തുവിട്ടപ്പോൾ ഇന്ത്യക്കുവേണ്ടി ആർത്തലച്ച കാണികൾ ഒരു നിമിഷം നിശ്ശബ്ദരായി. ഇടവേളക്കുശേഷം ഇന്ത്യ ആക്രമണം ശക്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. 46ാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോക്ക് പകരം നവോറം റോഷൻ സിങ്ങിനെ ഇറക്കി. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച വി.പി. സുഹൈറിന് പകരം 57ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയെയും കോച്ച് കളത്തിലിറക്കി. ഒടുവിൽ കളിയുടെ 59ാം മിനിറ്റിൽ ഇന്ത്യയും ആരാധകരും കാത്തിരുന്ന സമനില ഗോൾ എത്തി. വലതുവശത്തുനിന്ന് നവോറം റോഷൻ സിങ് നൽകിയ ക്രോസ് രാഹുൽ ഭേക്കെ ഗോൾവല ലക്ഷ്യമാക്കി തൊടുത്തപ്പോൾ സ്റ്റേഡിയം ആർത്തലച്ചു.

64ാം മിനിറ്റിൽ ഗോൾ നേടാൻ ലഭിച്ച സുന്ദരമായൊരു അവസരം ബഹ്റൈൻ പാഴാക്കി. ബോക്സിനുള്ളിൽനിന്ന് മഹ്ദി ഉതിർത്ത ഹെഡർ ലക്ഷ്യം കാണാതെ പുറത്തേക്ക്. 79ാം മിനിറ്റിൽ ഇന്ത്യ ഡബ്ൾ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. റഹിം അലിക്ക് പകരം അനികേത് ജാദവും ഡാനിഷ് ഫാറൂഖിന് പകരം മുഹമ്മദ് യാസിറും ഇറങ്ങി. എന്നാൽ, ഇന്ത്യൻ പ്രതീക്ഷകളെ തകർത്ത് 87ാം മിനിറ്റിൽ ബഹ്റൈന്‍റെ വിജയ ഗോൾ എത്തി. നേരത്തേ പാഴാക്കിയ അവസരത്തിന് മെഹ്ദി ഇത്തവണ പ്രായശ്ചിത്തം ചെയ്തു. വലതുവശത്തുനിന്ന് എത്തിയ ക്രോസ് മനോഹരമായി വലയിലേക്ക് തിരിച്ചുവിട്ട് മെഹ്ദി ബഹ്റൈന്‍റെ രക്ഷകനായി. അവസാന നിമിഷങ്ങളിൽ സമനില നേടാൻ ഇന്ത്യ പൊരുതിക്കളിച്ചെങ്കിലും വിജയം ബഹ്റൈനൊപ്പം നിന്നു.

ഇതിനുമുമ്പ് ബഹ്റൈനെതിരെ നടന്ന ആറുകളികളിൽ അഞ്ചിലും ഇന്ത്യക്ക് തോൽവിയായിരുന്നു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. മാർച്ച് 26ന് വൈകീട്ട് ഏഴിന് ഈസ ടൗണിലെ ഖലീഫ സ്റ്റേഡിയത്തിൽ ബെലറൂസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    
News Summary - Bahrain win over India in the friendly football match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.