മനാമ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നഴ്സസ് ഫാമിലി സംഘടിപ്പിച്ച ബഹ്റൈൻ നഴ്സസ് ഫാമിലി ഷോ ‘എയ്ഞ്ചൽസ് നൈറ്റ്’ ഇന്ത്യൻ ക്ലബിൽ നടന്നു. യു.എൻ.എ ഗ്ലോബൽ പ്രസിഡന്റ് ജാസ്മിൻഷാ മുഖ്യാതിഥി ആയിരുന്നു. യു. എൻ.എ നഴ്സസ് ഫാമിലി സെക്രട്ടറി അരുൺജിത്ത് എ.പി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷതവഹിച്ചു.
നഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് മാത്യു, ഡോ.പി.വി. ചെറിയാൻ എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ജാസ്മിൻഷാ സമ്മാനിച്ചു. നഴ്സസ് ഫാമിലി ട്രഷറർ നിതിൻ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, സാമൂഹിക പ്രവർത്തകൻ നിസാർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു . ഫാമിലി മെംബർമാരുടെ ആദ്യ ഐ.ഡി.യു.എൻ.എ നഴ്സസ് ഫാമിലി ജോയന്റ് സെക്രട്ടറി മിനി മാത്യു ഏറ്റുവാങ്ങി. നഴ്സിങ് മേഖലയിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട കോവിഡ് പോരാളികളെ ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ആശ പ്രവീൺ നന്ദി അറിയിച്ചു. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ്, പാർവതി എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ് നടന്നു. ഫാമിലി അംഗങ്ങളുടെ കുട്ടികൾ നടത്തിയ ഡാൻസ് ഷോ വർണശബളമായി. നഴ്സുമാരുടെ ഫാമിലി കൂട്ടായ്മ നടത്തിയ പരിപാടികൾ വീക്ഷിക്കാനെത്തിയ ആയിരങ്ങൾ സദസ്സ് സമ്പന്നമാക്കി.
ബീറ്റ്സ് ഓഫ് ബഹ്റൈൻ നടത്തിയ നാസിക് ധോൾ പരിപാടിയെ ആഘോഷ നിറവിലാക്കി. നഴ്സസ് ഫാമിലി എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് കലാകാരന്മാർക്കുള്ള മെഡലുകൾ വിതരണം ചെയ്തു. നഴ്സുമാർക്ക് നൽകുന്ന പിന്തുണക്ക് ബഹ്റൈൻ രാജ്യത്തോട് നഴ്സസ് എക്സിക്യുട്ടിവ് അംഗങ്ങൾ നന്ദി പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.