മനാമ: കുവൈത്തില്നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്റൈന്‍ ദേശീയ ഫുട്ബാള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം. കുവൈത്തിൽനിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ വൻവരവേൽപ് നൽകി. എയർപോർട്ടിൽനിന്ന് ടീമിനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലേക്കായിരുന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര. റോഡിന്റെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാനും താരങ്ങളെ അഭിനന്ദിക്കാനും ജനം കാത്തുനിന്നിരുന്നു.
ബഹ്റൈന്റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈന്‍ ദേശീയ ഫുട്ബാള്‍ ടീമിന്റെ മികച്ച പ്രകടനത്തെയും കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. ബഹ്റൈനിൽനിന്ന് മത്സരം കാണാൻ നിരവധി കാണികളെത്തിയത് അഭിനന്ദനാർഹമാണ്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
മറുപടി സന്ദേശത്തില്‍, ഹമദ് രാജാവ് കുവൈത്ത് അമീറിനെ നന്ദി അറിയിച്ചു. ഗള്‍ഫ് കപ്പിന്റെ വിജയകരമായ സംഘാടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സ് അക്കൗണ്ട് വഴി ബഹ്റൈൻ രാജാവിനും ജനങ്ങൾക്കും അഭിനന്ദനമറിയിച്ചു.
അതോടൊപ്പം ഫൈനലിൽ മികച്ച കളി പുറത്തെടുത്ത ബഹ്റൈനി, ഒമാനി ടീമംഗങ്ങളെയും, മികച്ച രീതിയിൽ മത്സരങ്ങൾ പൂർത്തിയാക്കിയ കുവൈത്തിനെയും അദ്ദേഹം അഭിനന്ദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും അഭിനന്ദനം അറിയിച്ച് എക്സ് അക്കൗണ്ടിൽ പോസ്റ്റിട്ടു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ബഹ്റൈന്‍ ഫുട്ബാള്‍ അസോസിയേഷന് (ബി.എഫ്.എ) പ്രസിഡന്റ് ശൈഖ് അലി ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആല് ഖലീഫയെ ടെലിഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനമറിയിച്ചു. എല്ലാ കളിക്കാര്‍ക്കും ടീമിന്റെ ഉദ്യോഗസ്ഥര്‍ക്കും ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം ബി.എഫ്.എ പ്രസിഡന്റിനോട് അഭ്യർഥിച്ചു. ഹമദ് രാജാവിനെയും കിരീടാവകാശി അഭിനന്ദിച്ചു.
മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റ പ്രതിനിധിയും സുപ്രീംകൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്പോര്‍ട്സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ രാജാവിനെ അഭിനന്ദിച്ചു. ദേശീയ ടീമിന്റെ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.