മാനമ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിെൻറ സ്മരണക്കായി ഐ.വൈ.സി.സി ബഹ്റൈൻ ഏർപ്പെടുത്തിയ പ്രവാസി മിത്ര അവാർഡിന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അർഹനായി. മുൻ വർഷങ്ങളിൽ അഷ്റഫ് താമരശ്ശേരിയും ഷിഹാബ് കൊട്ടുകാടുമാണ് പുരസ്കാരത്തിന് അർഹരായത്. 1985ൽ ബഹ്റൈനിലെത്തിയ ബഷീർ അമ്പലായി സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവമായി നിൽക്കുന്ന വ്യക്തിത്വമാണ്. പവിഴദ്വീപിൽ പ്രയാസമനുഭവിക്കുന്നവർക്കൊപ്പം താങ്ങായി നിൽക്കുന്ന ഇദ്ദേഹം ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയുമാണ്.
പ്രവാസികളുടെ വിവിധ കൂട്ടായ്മകളും സാമൂഹിക സാംസ്കാരിക സംഘടനകളും ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകുകയും നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വെളിയങ്കോട് സ്വദേശിയായ ബഷീർ അമ്പലായി കുടുംബമായി ബഹ്റൈനിൽ താമസിക്കുകയാണ്. ഭാര്യ: നസീറ. മക്കൾ: നാദിർ, നിബിൽ.
ബഹ്റൈനിലെ പ്രവാസികളുടെ ഇടയിൽ മൂന്നര പതിറ്റാണ്ട് ബഷീർ അമ്പലായി ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് പരിഗണിച്ചതെന്ന് ഭാരവാഹികളായ അനസ് റഹീം, എബിയോൺ അഗസ്റ്റിൻ, നിതീഷ് ചന്ദ്രൻ എന്നിവർ വാർത്തകുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഐമാക് മീഡിയ സിറ്റിയിൽ നടക്കുന്ന 'യൂത്ത് ഫെസ്റ്റ്-2021' വേദിയിൽവെച്ച് പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.