മനാമ: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വാക്കിങ് ടൂർ സൈറ്റായി ബഹ്റൈൻ പേളിങ് പാത്തിനെ തിരഞ്ഞെടുത്തു. പ്രശസ്തമായ ആഗോള യാത്രാ മാസിക Conde Nast Traveller ആണ് അംഗീകാരം നൽകിയത്. ഈ വർഷം ആദ്യം പാതയുടെ വികസനം പൂർത്തിയാക്കിയിരുന്നു.
ചരിത്രപരവും പരമ്പരാഗതവുമായ കെട്ടിടങ്ങളും സാംസ്കാരിക സമുച്ചയങ്ങളും വീക്ഷിക്കാനുള്ള അവസരമാണ് പേളിങ് പാത്ത് നൽകുന്നത്. ചരിത്രപരമായ ഓർമകൾ അയവിറക്കി സഞ്ചരിക്കാനുള്ള അവസരമാണ് ഈ ഇടവഴികൾ നൽകുന്നത്. യുനെസ്കോയുടെ ലോക പൈതൃക പദവിയും 3.5-കിലോമീറ്റർ നീളമുള്ള പേളിങ് പാത്തിനുണ്ട്.
ബഹ്റൈനിന്റെ സമ്പന്നമായ മുത്തുകളുടെ പാരമ്പര്യം പ്രദർശിപ്പിക്കുന്ന പാത്ത് നിരവധി സഞ്ചാരികളുടെ ഇഷ്ടസ്ഥാനമാണെന്നും മാഗസിൻ ചൂണ്ടിക്കാട്ടുന്നു. മുത്ത് വാരലിന്റെയും മുത്ത് വ്യാപാരത്തിന്റെയും കഥകളിവിടെ ഉറങ്ങുന്നു. മുൻകാല വ്യാപാരികളുടെ വസതികളും മറ്റും ഇവിടെ സംരക്ഷിച്ചിരിക്കുകയാണ്.
കടലിൽ മാസങ്ങളോളം എടുത്ത്, മുത്ത് വാരിയിരുന്ന മുങ്ങൽ വിദഗ്ധരുടെ കഷ്ടപ്പാടുകൾ നിറച്ച സാഹസിക ജീവിതം അടുത്തറിയാനും പേളിങ് പാത്ത് അവസരമൊരുക്കുന്നു. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചുകൊണ്ട് സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.