മനാമ: സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന ബോധവത്കരണ കാമ്പയിൻ ഇന്ത്യൻ സ്കൂളിൽ ആരംഭിച്ചു. ഒക്ടോബറിൽ ആചരിക്കുന്ന അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ഭാഗമായി സ്കൂളിലെ ബയോടെക്നോളജി അധ്യാപിക ഡെയ്സി പീറ്റർ 'സ്തനാർബുദം -നേരത്തേയുള്ള കണ്ടെത്തലും ചികിത്സയും' വിഷയത്തിൽ അവതരണം നടത്തി. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും അതിജീവന നിരക്ക് വർധിപ്പിക്കുമെന്ന് അവർ പറഞ്ഞു. നാലും അഞ്ചും ഗ്രേഡുകളിലെ അധ്യാപികമാർ പരിപാടിയിൽ പങ്കെടുത്തു.
രോഗനിർണയം, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനാണ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു. രോഗങ്ങളിൽനിന്ന് സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന നൂതന മാർഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. നേരത്തേയുള്ള സ്തനാർബുദ പരിശോധനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും പ്രതിരോധ ഉപദേശങ്ങൾ നൽകുന്നതിനുമായി സ്കൂളിന്റെ വിവിധ തലങ്ങളിൽ വിജ്ഞാനപ്രദമായ സെഷനുകൾ തുടർന്നും നടത്തുമെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.