മനാമ: ബജറ്റ് ചർച്ച ചെയ്യുന്നതിന് പാർലമെന്റിന്റെയും ശൂറ കൗൺസിലിന്റെയും സംയുക്ത യോഗം ചേർന്നു. 2023-2024 വർഷത്തേക്കുള്ള ബജറ്റിൻമേലുള്ള ചർച്ചക്കായാണ് ഇരു സഭകളുടെയും സംയുക്ത യോഗം ചേർന്നത്.
തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് ബജറ്റിന്റെ മുഖ്യലക്ഷ്യമെന്ന് പാർലമെന്റ് അധ്യക്ഷൻ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനാവശ്യമായ നിർദേശങ്ങൾ പരിഗണിക്കുകയും ചർച്ച ചെയ്യുകയും വേണമെന്ന് ശൂറ കൗൺസിൽ അധ്യക്ഷൻ വ്യക്തമാക്കി. ശൂറ കൗൺസിലും പാർലമെന്റുമായി സഹകരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുക വഴി രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ഇരു സഭകളിലെയും സാമ്പത്തിക കാര്യ സമിതി തലവൻമാർ, വിവിധ മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും പ്രോത്സാഹനവും ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ സാധിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.