മനാമ: സുഡാനിലെ ബഹ്റൈൻ എംബസി കെട്ടിടത്തിലും അംബാസഡറുടെ വീട്ടിലും ആയുധ ധാരികൾ അതിക്രമിച്ചു കടക്കുകയും കേടുവരുത്തുകയും ചെയ്ത നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും നയതന്ത്ര മാനദണ്ഡങ്ങൾക്കും വിരുദ്ധമായ നടപടിയാണിത്. സുഡാനിലെ അതിക്രമങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാവശ്യമായ നടപടികൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളേണ്ടതുണ്ടെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ബ്രൂണയ് ദാറുസ്സലാം ഭരണാധികാരി സുൽതാൻ അൽ ഹാജ് അൽ ബൽഖിയയുടെയും സംഘത്തിന്റെയും ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി.
രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുമായി നടത്തിയ ചർച്ചകളും വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക വഴിത്തിരിവായിരിക്കുമെന്നും വിലയിരുത്തി. അഡ്മിറൽ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യു.എസിലെ സൈനിക യൂനിവേഴ്സിറ്റിയിൽനിന്നും പരിശീലനം പൂർത്തിയാക്കിയതിൽ അദ്ദേഹത്തിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും കാബിനറ്റ് ആശംസകൾ നേർന്നു.
സർക്കാർ ഭൂമി വിവിധ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി വിലയിരുത്തുകയും പ്രതീക്ഷിത ലക്ഷ്യം നേടിയെടുക്കുന്നതിന് സാധ്യമാവുകയും ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. സ്വകാര്യ മേഖലയുമായി സഹകരിച്ച് എട്ട് പാർപ്പിട പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രി പാർപ്പിട മന്ത്രാലയത്തിന് നിർദേശം നൽകി.
പാർപ്പിട ലോണുകളും പദ്ധതികളും സർവിസുകളും മനസ്സിലാക്കുന്നതിനുതകുന്ന തരത്തിൽ എക്സിബിഷനുകളും പരിപാടികളും സംഘടിപ്പിക്കാനും നിർദേശിച്ചു. പൊതു പദ്ധതികൾക്കായി ഭൂമി അക്വയർ ചെയ്യുന്നതിന് മുനിസിപ്പൽ, കാർഷിക മന്ത്രി സമർപ്പിച്ച ബില്ലിന് കാബിനറ്റ് അംഗീകാരം നൽകി. ദേശീയ അസംബ്ലി കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളെ കുറിച്ച് പൊതുമരാമത്ത് മന്ത്രി റിപ്പോർട്ട് സമർപ്പിച്ചു. വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളും പങ്കെടുത്ത പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.