മന്ത്രിസഭ: മേഖലയിലെ സമാധാനത്തിന് ജി.സി.സി രാഷ്ട്രങ്ങൾ യോജിച്ച് പ്രവർത്തിക്കണം

മനാമ: മേഖലയിൽ സമാധാനം നിലനിർത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തമുണ്ടാകണമെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.

ജി.സി.സി രാഷ്ട്ര നേതാക്കൾക്കിടയിലുള്ള പരസ്പര യോജിപ്പും ഐക്യവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു.

ജി.സി.സി രൂപവത്കരണത്തിന്‍റെ 41ാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ജി.സി.സിയിലെ മുഴുവൻ ഭരണാധികാരികൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. മേഖലയുടെ ഭാവി ശുഭകരമാക്കുന്നതിനും സമാധാനവും സുഭിക്ഷതയും സാധ്യമാക്കുന്നതിനും പ്രവർത്തിക്കാനാകട്ടെയെന്നും ആശംസിച്ചു.

കുരങ്ങുപനിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതടക്കമുള്ള തുടർനടപടികൾ കൈക്കൊള്ളാൻ ആരോഗ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര എയർപോർട്ടിലെ രണ്ടാം ഘട്ട നിർമാണ പ്രവർത്തന പുരോഗതി മന്ത്രിസഭ വിലയിരുത്തി.

പാസഞ്ചർ ടെർമിനലുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങളും വിശദീകരിക്കപ്പെട്ടു. ഏവിയേഷൻ മേഖലയിൽ ബഹ്റൈന്‍റെ സ്ഥാനം അടയാളപ്പെടുത്താൻ ഇത് കാരണമാകുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.

ബഹ്റൈൻ മെട്രോ പദ്ധതി, ബഹ്റൈനും സൗദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഹമദ് കോസ്വെ എന്നീ പദ്ധതികളുടെ പുരോഗതിയും ടെലികോം, ഗതാഗത മന്ത്രി വിശദീകരിച്ചു.

പുനരുപയോഗ ഊർജ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി പുനർ നിർണയിക്കുന്നതിനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു. ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് അതോറിറ്റിയും ഈജിപ്ത് സ്പേസ് അതോറിറ്റിയും തമ്മിൽ സഹകരണക്കരാറിലേർപ്പെടുന്നതിനുള്ള നിർദേശവും അംഗീകരിക്കപ്പെട്ടു. നാഷനൽ കൾചറൽ ആൻഡ് ആന്‍റിക്വിറ്റീസ് അതോറിറ്റിയും ഇറ്റലിയിലെ അൽബർട്ടീന അക്കാദമിയും തമ്മിൽ സഹകരിക്കുന്നതിനുള്ള അംഗീകാരവും നൽകി.

19ഓളം പദ്ധതികൾക്കായി രാജ്യത്തെ വിവിധഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി.ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.

Tags:    
News Summary - Cabinet: GCC nations must work together for peace in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.