മനാമ: സമ്മർ സീസണായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മന്ത്രിസഭ യോഗം രണ്ടാഴ്ചയിലൊരിക്കലാക്കാൻ കാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യത്തെ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ഈദ് ആശംസകൾ നേർന്നു. മയക്കുമരുന്ന് തുടച്ചു നീക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളിൽ കാബിനറ്റ് സംതൃപ്തി രേഖപ്പെടുത്തി. ലഹരിയെക്കുറിച്ച് അവബോധം ശക്തമാക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനുള്ള പ്രതിജ്ഞ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ എടുക്കുന്നത് ചാരിതാർഥ്യജനകമാണ്.
അറബ് ഇൻഫർമേഷൻ മന്ത്രിതല സമിതി മനാമയെ അറബ് ഇൻഫർമേഷൻ തലസ്ഥാനമായി തെരഞ്ഞെടുത്തതിനെ കാബിനറ്റ് സ്വാഗതംചെയ്തു. പാർപ്പിട മേഖലയിൽ പുതിയ പദ്ധതികളും വായ്പകളുടെ ലഭ്യതയും പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച എക്സിബിഷൻ വിജയകരമായിരുന്നു. സ്വകാര്യ മേഖലയും റിയൽ എസ്റ്റേറ്റ് കമ്പനികളും പാർപ്പിട മേഖലക്ക് കൂടുതൽ പരിഗണന നൽകുന്നത് അഭിനന്ദനാർഹമാണെന്നും കാബിനറ്റ് വിലയിരുത്തി.
പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേതൃത്വത്തിൽ റഷ്യയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിച്ചേക്കുമെന്ന പ്രതീക്ഷ മന്ത്രിസഭ യോഗം പങ്കുവെച്ചു. തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് പ്രഥമ പരിഗണന ലഭിക്കുന്നതിനുള്ള പദ്ധതികൾ വിപുലപ്പെടുത്തുന്നതിനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിലവിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.