അത്ര വലുപ്പമുള്ളതല്ലെങ്കിലും വളരെ പ്രധാനപ്പെട്ട ജോലി ചെയ്യുന്ന ശരീരത്തിലെ അവയവമാണ് വൃക്ക. ശരീരത്തിൽ ജലത്തിന്റെയും മറ്റ് വസ്തുക്കളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കയുടെ പ്രധാന കർത്തവ്യം. അതുവഴി നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഈ അവയവം നിർവഹിക്കുന്ന പങ്ക് ചെറുതല്ല.
വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത് അത്ര പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. പ്രശ്നം ഗുരുതരമാകുമ്പോഴായിരിക്കും രോഗം ശ്രദ്ധയിൽപെടുക.
നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ബീൻസ് ആകൃതിയിലുള്ള രണ്ട് ചുവന്ന അവയവങ്ങളാണ് വൃക്കകൾ. ഒരു അരിപ്പയുടെ ധർമമാണ് ഇത് നിർവഹിക്കുന്നത്. അതായത്, ശരീരത്തിലെ രക്തം ശുദ്ധീകരിച്ചുകൊണ്ടിരിക്കുക. ഓരോ വൃക്കയിലും ഒരു ദശലക്ഷത്തോളം ചെറിയ അരിപ്പകൾ (ഫിൽട്ടർ) അടങ്ങിയിരിക്കുന്നു. അവക്ക് പ്രതിദിനം 40 ഗാലൻ ദ്രാവകം അരിച്ചെടുക്കാൻ ചെയ്യാൻ കഴിയും. ഒരു വീടിന്റെ ഹീറ്റർ നിറക്കാൻ ഇത്രയും വെള്ളം മതിയാകും!
വൃക്കയിലൂടെ രക്തം കടന്നുപോകുമ്പോൾ ഫിൽട്ടറുകൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും അരിച്ചെടുത്ത് സംരക്ഷിക്കുന്നു. ദോഷകരമായ മാലിന്യങ്ങളും അധിക ജലവും പോഷകങ്ങളും അടുത്തുള്ള മൂത്രസഞ്ചിയിലേക്ക് കടത്തിവിടുകയും മൂത്രമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
വൃക്കകൾ നിരവധി ഹോർമോണുകളും ഉൽപാദിപ്പിക്കുന്നുണ്ട്. ഈ ഹോർമോണുകൾ രക്തസമ്മർദം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കൾ നിർമിക്കാനും എല്ലുകളെ ശക്തിപ്പെടുത്തുന്ന വിറ്റാമിൻ ഡി സജീവമാക്കാനും സഹായിക്കുന്നു.
പ്രായമാകുന്തോറും വൃക്കകളുടെ പ്രവർത്തനം ചെറിയ തോതിൽ കുറയും. എന്നാൽ, വൃക്കരോഗംമൂലം വൃക്കകളുടെ പ്രവർത്തനം കുറയുന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. രക്തത്തിൽ ദോഷകരമായ പദാർഥങ്ങളും അധിക വെള്ളവും അടിഞ്ഞുകൂടാൻ ഇത് ഇടയാക്കുന്നു. ഹോർമോൺ ഉൽപാദനം കുറയുന്നത് മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.വിവിധതരത്തിലുള്ള വൃക്കരോഗങ്ങളുണ്ട്. മിക്കവയും ഒരേ സമയം രണ്ട് വൃക്കകളെയും ബാധിക്കുന്നതാണ്.
വൃക്കരോഗം ബാധിച്ചാൽ നെഫ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ ഫിൽട്ടറുകൾക്ക് ദോഷം വരുത്തുകയും അവയുടെ ഫിൽട്ടറിങ് കഴിവ് കുറക്കുകയും ചെയ്യുന്നു. പരിക്കോ വിഷബാധയോ നിമിത്തം നെഫ്രോണുകൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുന്നതിനെ അക്യൂട്ട് കിഡ്നി ഇൻജുറി എന്നറിയപ്പെടുന്നു. അതേസമയം, നെഫ്രോണുകൾക്ക് വർഷങ്ങൾകൊണ്ട് തകരാർ സംഭവിക്കുന്നതും സാധാരണമാണ്. ഇത് ക്രോണിക് കിഡ്നി ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. വിട്ടുമാറാത്ത വൃക്കരോഗം ഗുരുതരമാകുന്നതുവരെ മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാര്യമായുണ്ടാകില്ല. പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഇല്ലാതെതന്നെ വൃക്കകളുടെ പ്രവർത്തനത്തിന്റെ നാലിൽ മൂന്ന് ഭാഗം വരെ നഷ്ടപ്പെടാം.
പ്രമേഹവും ഉയർന്ന രക്തസമ്മർദവും വൃക്കരോഗത്തിെന്‍റ രണ്ട് പ്രധാന കാരണങ്ങളാണ്. ഹൃദ്രോഗവും പാരമ്പര്യവുമാണ് മറ്റ് കാരണങ്ങൾ. നിങ്ങൾക്ക് ഈ അപകടസാധ്യതകൾ ഉണ്ടെങ്കിൽ പരിശോധന നടത്താൻ മടിക്കരുത്.
ലളിതമായ ലബോറട്ടറി പരിശോധനകളിലൂടെ വൃക്കരോഗം കണ്ടെത്താൻ സാധിക്കും. മൂത്രപരിശോധനയിലൂടെ വൃക്കകൾക്ക് തകരാറുണ്ടോയെന്നും രക്തപരിശോധനയിലൂടെ വൃക്കകളുടെ പ്രവർത്തനം എങ്ങനെയെന്നും അറിയാൻ സാധിക്കും.
വൃക്കരോഗം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ ഭക്ഷണത്തിൽ ചിലമാറ്റങ്ങൾ വരുത്താൻ ഡോക്ടർ നിർദേശിക്കും.ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് തകരാർ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറക്കാൻ മരുന്ന് വേണ്ടിവരും.ഏത് രീതിയാണ് വേണ്ടതെന്ന് ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തണം.
• വൃക്കരോഗം ഉണ്ടോയെന്ന് അറിയാൻ രക്തവും മൂത്രവും പരിശോധിക്കുക
• പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ മനസ്സിലാക്കുക
• ഡോക്ടർ നിർദേശിക്കുന്നരീതിയിൽ മരുന്ന് കഴിക്കുക
• NSAID വിഭാഗത്തിലെ ചില വേദനസംഹാരി മരുന്നുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
• എല്ലാ ദിവസവും രണ്ടു മുതൽ 2.5 ലിറ്റർ വരെ വെള്ളം കുടിക്കുക (മറ്റ് അസുഖങ്ങളുള്ള ചിലരുടെ കാര്യത്തിൽ വെള്ളത്തിന്റെ അളവ് കുറക്കാൻ ഡോക്ടർ നിർദേശിച്ചേക്കാം)
• ഉപ്പിന്റെ ഉപയോഗം കുറക്കുക. ദിവസവും 1500 മില്ലിഗ്രാമിൽ കുറഞ്ഞ സോഡിയം മാത്രം ഉപയോഗിക്കുക
• ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കുക. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. കൊഴുപ്പ് നിയന്ത്രിക്കാൻ കൊഴുപ്പ് കുറഞ്ഞ മാസവും പാലുൽപന്നങ്ങളും ഉപയോഗിക്കുക
• ശാരീരികമായി സജീവമായിരിക്കുക
• അമിതവണ്ണമുണ്ടെങ്കിൽ ഭാരം കുറക്കുക
• മദ്യപാനം ഒഴിവാക്കുക
• പുകവലി ഒഴിവാക്കുക
• ഏറ്റവും പ്രധാനം നല്ല ആരോഗ്യത്തിനുവേണ്ടി എപ്പോഴും പ്രാർഥിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.