മനാമ: ഹൃദയാരോഗ്യ സംബന്ധമായ ലോക സമ്മേളനത്തിന് ബഹ്റൈൻ വേദിയാകുന്നു. നവംബർ ഒന്നു മുതൽ നാല് വരെ ഗൾഫ് ഹോട്ടലിലാണ് ലോകമെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം സംഘടിപ്പിക്കുന്നത്.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരിക്കും സമ്മേളനം.
ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ്, മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്റർ (എം.കെ.സി.സി) എന്നിവയുടെ സഹകരണത്തോടെ യു.എസ് ആസ്ഥാനമായ മയോ ക്ലിനിക്കാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പ്രേക്ഷക പ്രതികരണ സംവിധാനത്തോടെയായിരിക്കും പ്രഭാഷണങ്ങൾ നടത്തുക.
വാൽവുലാർ ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഡിസീസ്, കൊറോണറി ആർട്ടറി ഡിസീസ് എന്നിവ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഗൗരവാവഹമായ പഠനറിപ്പോർട്ടുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ഹൃദ്രോഗം പ്രതിവർഷം 17.9 ദശലക്ഷം ജീവനുകൾ ലോകത്താകമാനം അപഹരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. സാംക്രമിക രോഗബാധ മൂലം മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞാൽ ഏറ്റവും വലിയ മരണസംഖ്യയാണിത്.
ഹൃദ്രോഗംമൂലം മരിക്കുന്നവരുടെ എണ്ണം രാജ്യത്തും വർധിച്ചുവരുന്നതിനാൽ കാർഡിയാക് ഗവേഷണത്തിനായി ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കണമെന്ന് ഈ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.
അർബുദം, ശ്വാസകോശ സംബന്ധമായ അവസ്ഥകൾ, പ്രമേഹം എന്നിവക്കുപുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും മേഖലയിലെ പ്രധാന ആരോഗ്യ വിഷയങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗമുള്ള രോഗികളെ ചികിത്സിക്കുക, ഇലക്ട്രോ കാർഡിയോഗ്രാം (ഇ.സി.ജി) ട്രെയ്സിങ്ങുകളുടെ വ്യാഖ്യാനം, ഗുരുതര ഹൃദ്രോഗമുള്ളവർ അഭിമുഖീകരിക്കാനിടയുള്ള പൊതുവായ പ്രശ്നങ്ങൾ തിരിച്ചറിയുക എന്നീ വിഷയങ്ങളിൽ ക്ലാസുകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മയോ ക്ലിനിക് കോളജ് ഓഫ് മെഡിസിൻ ആൻഡ് സയൻസ് പ്രഫ. നാസർ അമ്മാഷ്, മയോ ക്ലിനിക് കാർഡിയോളജിസ്റ്റ് ജോസഫ് മാലൂഫ്, എം.കെ.സി.സി കാർഡിയോളജി വിഭാഗം മേധാവി ഹൈതം അമീൻ എന്നിവരാണ് കോഴ്സുകൾ നയിക്കുന്നത്.
സമ്മേളനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 17889939 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.