മനാമ: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭവും ഊർജ മേഖലയിൽ നിര്‍ണായകവുമായ ബാപ്കോ ആധുനികവത്കരണ പദ്ധതി (ബി.എം.പി) ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ചടങ്ങിൽ സന്നിഹിതനായിരുന്നു.
രാജ്യത്തിന്റെ 53ാമത് ദേശീയ ദിനാഘോഷങ്ങളുടെയും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജത ജൂബിലിയാഘോഷത്തിന്റെയും ഭാഗമായാണ് ബാപ്കോ ആധുനികവത്കരണ പദ്ധതി പ്രഖ്യാപിച്ചത്. ബാപ്കോ എനര്‍ജി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഹ്യൂമാനിറ്റേറിയന്‍ വര്‍ക്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ, ബാപ്കോ റിഫൈനിങ് ചെയര്മാന് അബ്ദുല്ല ജഹാദ് അല്‍ സൈന്‍, ബാപ്കോ എനര്‍ജി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മാര്‍ക്ക് തോമസ്, ബാപ്കോ റിഫൈനിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ.അബ്ദുല്റഹ്മാന് ജവാഹരി എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദേശീയ വികസനവും സുസ്ഥിരതയും വളര്‍ത്തുന്നതില്‍ ബാപ്കോ ആധുനികവത്കരണ പദ്ധതിയുടെ (ബി.എം.പി) പ്രാധാന്യം ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചക്കുള്ള ശാശ്വത പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്. സാമ്പത്തിക പുരോഗതിക്കും വികസനത്തിനും ശക്തിപകരാനും രാജ്യത്തിന്റെ ഊറഉ പരിവര്‍ത്തന നയത്തെ വേഗത്തിലാക്കാനും ബി.എം.പിയുടെ പങ്ക് സഹായകമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഉയര്‍ന്ന സാധ്യതയുള്ള മേഖലകളിലെ തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതി ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈ മേഖലയോടുള്ള ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫയുടെ പ്രതിബദ്ധതയെയും ഹമദ് രാജാവ് പ്രശംസിച്ചു.
ഉദ്ഘാടന ശേഷം, ‘എ ജേര്‍ണി ത്രൂ ടൈം’ എന്ന പേരില്‍ ബാപ്കോ മോഡേണൈസേഷന് പ്രോജക്ടിന്റെ വളർച്ചാ ഘട്ടങ്ങൾ വിശദമാക്കുന്ന പ്രദര്‍ശനം രാജാവ് സന്ദര്‍ശിച്ചു. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളാണ് പ്രദര്‍ശനത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 1932ല്‍ രാജ്യത്ത് എണ്ണ പര്യവേക്ഷണം ആരംഭിക്കുന്ന ഘട്ടം, ആദ്യ കയറ്റുമതി, എണ്ണ, വാതക മേഖലയില്‍ സ്ഥാപിതമായ വികസന പദ്ധതികൾ എന്നിവ പ്രദർശനത്തിൽ വിശദീകരിക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലെയും ആഗോളതലത്തിലെയും ഏറ്റവും നൂതനമായ റിഫൈനറികളിലൊന്നായി ബാപ്കോ മാറിയെന്ന് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ പറഞ്ഞു. ബഹ്റൈന്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപമാണ് സുപ്രധാനമായ ഈ പദ്ധതി. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസ്സിങ് യൂനിറ്റുകളും അടങ്ങുന്ന പദ്ധതി പ്രാദേശിക പങ്കാളികള്‍ക്കൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കണ്‍സോർട്യമാണ് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.