മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2024) ഏഴാം പതിപ്പ് 27 മുതൽ ഡിസംബർ 1 വരെ ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കും. അപൂർവ ഇനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ പ്രദർശനം.
രാവിലെ ഒമ്പത് മുതലാണ് പ്രദർശനം. സന്ദർശകരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഈ വർഷം മേള അഞ്ചുദിവസമായി വർധിപ്പിച്ചതായും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകുമെന്നും അധികൃതർ പറഞ്ഞു. അനുഭവങ്ങൾ പങ്കുവെക്കാനും, രോഗ പ്രതിരോധമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനും, കർഷകർക്ക് ആവശ്യമായ പിന്തുണ നൽകാനും, മികച്ച രീതികളും സാങ്കേതികവിദ്യകളും പരീക്ഷിക്കാനും മേള സഹായകമാകും. ശാസ്ത്രീയ, നിക്ഷേപ, സാങ്കേതിക, വിനോദ പരിപാടിയായി മറാഇ 2024 മാറും.
മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മികച്ച കന്നുകാലി, പക്ഷി ഇനങ്ങളെ പ്രദർശിപ്പിക്കാൻ കഴിയും. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമൊരുക്കും. മറാഇ ആദ്യ പതിപ്പ് 2010ലാണ് ആരംഭിച്ചത്. ബഹ്റൈനിലെയും ഗൾഫ് മേഖലകളിലെയും ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.