വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ
മനാമ: വരാനിരിക്കുന്ന ബജറ്റിന്റെ ഭാഗമായി അഞ്ചു പുതിയ സ്കൂളുകളും നാല് അക്കാദമിക് കെട്ടിടങ്ങളും നിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. പദ്ധതി പ്രഖ്യാപനത്തിലൂടെ ബഹ്റൈനിലെ പൊതുവിദ്യാഭ്യാസമേഖല വൻ മാറ്റങ്ങൾക്കാണൊരുങ്ങുന്നത്.
നിർമാണം, നവീകരണം, വൃത്തിയാക്കൽ, പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫർണിചർ എന്നിവയുൾപ്പെടെ 80 പൊതുവിദ്യാലയങ്ങൾ പ്രധാന നവീകരണങ്ങൾക്ക് വിധേയമാകും. പൊതുവിദ്യാലയങ്ങളിൽ ഇന്റർനാഷനൽ ബാക്കിലറിയേറ്റ് (ഐ.ബി) പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും മന്ത്രാലയം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വിദ്യാർഥികൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു അക്കാദമിക് പാത നൽകുക എന്നതാണ് ഐ.ബി പ്രോഗ്രാമിന്റെ ലക്ഷ്യം.
സ്കൂളുകളുടെ നിർമാണത്തിനും നവീകരണത്തിനും പുറമെ, അധ്യാപകരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടാക്കും. 2025-26ൽ 600 ബഹ്റൈൻ ടീച്ചേഴ്സ് കോളജ് ബിരുദധാരികളെ നിയമിക്കാനാണ് പദ്ധതി. വിദ്യാഭ്യാസത്തിൽ നാലുവർഷത്തെ ബിരുദം നൽകുന്ന പുതിയ കൂട്ടായ്മ ആരംഭിക്കൽ, പുതിയ റെസിഡൻഷ്യൽ ഏരിയകളിലേക്ക് സ്കൂളുകളെ സംയോജിപ്പിക്കൽ തുടങ്ങി ഇംഗ്ലീഷ്, അറബിക്, ഗണിതം, ശാസ്ത്രം എന്നിവയിൽ പാഠ്യപദ്ധതി അപ്ഡേറ്റുകൾ നടപ്പാക്കുകയും പദ്ധതിയുടെ ഭാഗമായി ചെയ്യും.
ഖുർആൻ പഠനങ്ങൾ ശക്തിപ്പെടുത്തുക, ബഹ്റൈനി നാടോടി സംസ്കാരത്തെക്കുറിച്ചുള്ള വിഷയം അവതരിപ്പിക്കുക, വൈകല്യമുള്ള വിദ്യാർഥികൾക്കായി 13 അധിക ക്ലാസ് മുറികൾ കൂട്ടിച്ചേർക്കുക എന്നിവയും പ്രഖ്യാപനത്തിലുണ്ട്. പ്രത്യേക ആവശ്യങ്ങളും ഓട്ടിസവും ഉള്ള വിദ്യാർഥികൾക്കായി മെച്ചപ്പെട്ട വിലയിരുത്തൽ രീതികളും നടപ്പാക്കും.
മന്ത്രാലയത്തിന്റെ ഏറ്റവും അഭിലഷണീയമായ സംരംഭങ്ങളിലൊന്നാണ് ഐ.ബി പ്രോഗ്രാമെന്ന് ഡോ. ജുമുഅ വിശേഷിപ്പിച്ചു. ഏപ്രിലിൽ ബഹ്റൈനിലെ സെക്കൻഡറി, ഇന്റർമീഡിയറ്റ് സ്കൂളുകളിലേക്കുള്ള ഐ.ബി സന്ദർശന വേളയിൽ കൂടുതൽ ചർച്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.