മനാമ: അര നൂറ്റാണ്ട് കാലം ബഹ്റൈനെ പുരോഗതിയിലേക്ക് നയിച്ച ദീർഘദർശിയായ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ 'വിദാഅൻ അമീറൽ ഖുലൂബ്' എന്ന പ്രമേയത്തിൽ ഓൺലൈൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
രാജ്യത്തെ വികസന നേട്ടങ്ങളിലേക്കും പുരോഗതിയിലേക്കും നയിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് പാർലമെൻറ് അംഗം ഡോ. സൗസാൻ കമാൽ പറഞ്ഞു. ദീർഘകാലമായുള്ള ഭരണ രംഗത്തെ അനുഭവജ്ഞാനം കൊണ്ട് ബഹ്റൈൻ എന്ന കൊച്ചുരാജ്യത്തെ ലോകരാജ്യങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു.
മുൻ പാർലമെൻറ് അംഗവും 20 വർഷത്തോളം പ്രധാനമന്ത്രിയുടെ റോയൽ കോർട്ടിൽ ഉദ്യോഗസ്ഥനുമായിരുന്ന ശൈഖ് മുഹമ്മദ് ഖാലിദും കഴിഞ്ഞ 20 വർഷത്തോളം പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം അംഗമായ ഡോ. പി.വി. ചെറിയാനും അനുഭവങ്ങൾ പങ്കുവെച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ഷെമിലി പി. ജോൺ, കെ.ടി. സലിം, സോവിച്ചൻ ചേന്നാട്ടുശ്ശേരി, നിസാർ കൊല്ലം, അജി പി. ജോയ്, ഷിജു തിരുവനന്തപുരം, കമാൽ മുഹ്യിദ്ദീൻ, ജെ.പി. ആസാദ്, മൊയ്തീൻ കുട്ടി പുളിക്കൽ, ജവാദ് വക്കം, വി.കെ. അനീസ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.എം. സുബൈർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.