കഴിഞ്ഞ 25 വർഷമായി ഗൾഫ് മാധ്യമം അതിന്റെ ജൈത്രയാത്ര തുടരുകയാണ് എന്നതിൽ അതിയായ സന്തോഷമുണ്ട്. പത്രം ഗൾഫിൽ പ്രസിദ്ധീകരണമാരംഭിച്ച കാലം മുതൽ മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാൻ. ബഹ്റൈനിലും സൗദിയിലുമുള്ള ബിസിനസ് ജീവിതകാലയളവിലെല്ലാം ഈ പത്രം പുലർകാലങ്ങളിൽ എന്റെ സന്തത സഹചാരിയായിരുന്നു. രാവിലെ ഉറക്കമുണർന്നു കഴിഞ്ഞാൽ വാർത്തകൾ അറിയാനായി ഈ പത്രത്തെയാണ് ആശ്രയിക്കുന്നത്.
പത്രം കിട്ടാതെ വരുമ്പോഴും അവധി ദിവസങ്ങളിലും അനുഭവിക്കുന്ന ബുദ്ധിമുട്ട് വലുതാണ്. പത്രത്തിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം സൗദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരം ഏറ്റുവാങ്ങാനും എനിക്ക് ഭാഗ്യമുണ്ടായി. വാർത്തകളിലെ കൃത്യതയും സത്യസന്ധതയുമാണ് ഈ പത്രത്തെ ഈ നിലയിലാക്കിയത്. നീണ്ട 55 വർഷത്തെ പ്രവാസ അനുഭവമാണ് എനിക്കുള്ളത്. അതിനുമുമ്പ് ബോംബെയിലും ജോലി ചെയ്തു. ബഹ്റൈനിന്റെ വളർച്ചയും വികാസവും നോക്കിനിന്ന് കാണാൻ അവസരം ലഭിച്ചു.
സി.പി. വർഗീസ് (എം.ഡി, അൽ സാമി ട്രേഡിങ് ഇൻഡസ്ട്രിയൽ സൈപ്ല കമ്പനി)
അന്നൊക്കെ വാർത്തകളറിയാൻ പ്രവാസികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്നു ദിവസം കൂടുമ്പോൾ എത്തുന്ന പത്രങ്ങളായിരുന്നു ഏക ആശ്രയം. എന്നാൽ, ഗൾഫ്മാധ്യമം ഇവിടെനിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോഴാണ് അന്നന്നത്തെ വാർത്തകൾ അന്നന്നുതന്നെ അറിയാൻ കഴിഞ്ഞത്. ഓരോ പത്രത്തിനും അതിന്റേതായ എഡിറ്റോറിയൽ പോളിസികളുണ്ട്. നിഷ്പക്ഷമെന്ന് പറയുമ്പോഴും ഓരോ പക്ഷം പിടിക്കുന്ന പത്രങ്ങളെയാണ് നാം കണ്ടിരിക്കുന്നത്. എന്നാൽ, വാർത്തകളിൽ പക്ഷപാതിത്വമില്ലാതെ നിലപാടെടുക്കാൻ മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. പത്രം വായിക്കുന്ന സുഖം സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുകയില്ലല്ലോ.
വാർത്തകൾ മാത്രമല്ല, വിശകലനങ്ങളും നിലപാടുകളും ആഴമേറിയ അറിവുകളും വേണമെങ്കിൽ പത്രം തന്നെ വായിക്കണം. അറിവു കിട്ടുന്നത് മറ്റുള്ളവർ എഴുതിയത് വായിക്കുമ്പോഴാണ്.
പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ, അറിയിപ്പുകൾ, നാം ജീവിക്കുന്ന രാജ്യത്തിന്റെ നയങ്ങൾ, നിലപാടുകൾ എല്ലാം അറിയാൻ ഗൾഫ് മാധ്യമം വായന വളരെയേറെ സഹായകരമാണ്. മാത്രമല്ല, മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ, പ്രവാസികളുടെ സാമൂഹികവും സാംസ്കാരികവും കലാപരവുമായ പരിപാടികൾ, നിയമ ഉപദേശങ്ങൾ, എല്ലാം ഈ പത്രം പ്രദാനംചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.