മനാമ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആര് തെരഞ്ഞെടുക്കപ്പെട്ടാലും ബഹ്റൈൻ ഒ.ഐ.സി.സി പിന്തുണ നൽകുമെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ പറഞ്ഞു. കോൺഗ്രസിൽ ജനാധിപത്യരീതി ശക്തിപ്പെട്ടു എന്നാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന് പിന്നിൽ ഒ.ഐ.സി.സി അണിനിരക്കും. ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കോഴിക്കോട് ഫെസ്റ്റിനെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പാർട്ടിയുടേതായി ഒരു സ്ഥാനാർഥിയില്ലെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. പി.സി.സി അംഗങ്ങൾ ചേർന്ന് തെരഞ്ഞെടുക്കുന്ന അധ്യക്ഷൻ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും ഇരുവരും പറഞ്ഞു.
ഒ.ഐ.സി.സിയിൽനിന്ന് വിഘടിച്ചുപോയി ഐ.വൈ.സി.സി എന്ന സംഘടനയുണ്ടാക്കിയവരെ മാതൃസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അംഗീകാരം ഇല്ലാത്ത സംഘടനയാണ് ഐ.വൈ.സി.സി. കോഴിക്കോട് ജില്ല കമ്മിറ്റിയിൽനിന്ന് ഐ.വൈ.സി.സിയിലേക്ക് പോയ ചില പ്രമുഖർ ഇപ്പോൾ തിരിച്ച് ഒ.ഐ.സി.സി ഭാരവാഹിത്വത്തിലേക്ക് വന്നുകഴിഞ്ഞു. കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായശേഷം നാട്ടിൽനിന്ന് ഒരു നേതാവും ഐ.വൈ.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് കർശന നിർദേശം കെ. സുധാകരൻ നേതാക്കൾക്ക് നൽകിയിട്ടുണ്ട്. കെ.പി.സി.സിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒ.ഐ.സി.സിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. ദുബൈ, ഖത്തർ എന്നിവിടങ്ങളിൽ ഇൻകാസ് എന്നപേരിലും മറ്റെല്ലാ വിദേശ രാജ്യങ്ങളിലും ഒ.ഐ.സി.സി എന്നപേരിലുമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ വിദേശരാജ്യങ്ങളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് ഐ.വൈ.സി ഇന്റർനാഷനൽ എന്നപേരിൽ പുതിയ സംവിധാനമുണ്ടാക്കിയിരിക്കുന്നത്. പ്രവർത്തനപരിചയവും അഭിമുഖത്തിലെ മികവും പരിഗണിച്ചാണ് ബഹ്റൈൻ കൗൺസിലിലേക്ക് അഞ്ചുപേരെ തിരഞ്ഞെടുത്തത്. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) അടുത്തിടെ പേര് മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.