മനാമ: നിയമസംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ബഹ്റൈൻ ചാപ്റ്ററിന്റെ ‘കണക്ടിങ് പീപ്ൾ’ എന്ന പരിപാടിയുടെ രണ്ടാം ഭാഗം ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
പി.എൽ.സി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു. പി.എൽ.സി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഡൽഹിയിൽനിന്ന് ഓൺലൈനിൽ സദസ്സിനെ അഭിസംബോധന ചെയ്തു. തുടർന്ന് കിംസ് ഹെൽത്തിലെ ഇന്റേണൽ മെഡിസിൻ ഡോക്ടർ ഹാജിറ ബീഗം ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. 973 ലോഞ്ചിന്റെയും കിംസ് ഹെൽത്തിന്റെയും സംയുക്ത സംരംഭമായ കെയർ ഫോർ ശഹർ ഹെൽത്ത് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം കിംസ് ഹെൽത്ത് ജി.സി.സി യൂനിറ്റുകളുടെ ഓപറേഷൻസ് ആൻഡ് പ്രോജക്ട്സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസ് 973 ലോഞ്ച് ടീമിന് കൈമാറി നിർവഹിച്ചു. ഓരോ മാസവും അർഹരായ 10 വനിതകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖാമാസ്, മിനിസ്ട്രി ഓഫ് ലേബർ ഗൈഡൻസ് ആൻഡ് അവയർനസ് വിഭാഗം തലവൻ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളും ആയിരുന്നു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പ്രവാസികൾ ബഹ്റൈനിലെ നിയമങ്ങൾ പാലിച്ചു വസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നിയുക്ത ഇന്ത്യൻ അംബാസഡർ സംസാരിച്ചു. പ്രവാസി സമൂഹം പൊതുവെ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോയിൽ അഡ്വ. വഫ അൽ അൻസാരി, അഡ്വ. മാധവൻ കല്ലത്ത്, അഡ്വ. മുഹമ്മദ് മക്ലൂക്ക് എന്നിവർ പങ്കെടുത്തു. പി.എൽ.സി ഗവേണിങ് കൗൺസിൽ അംഗം രാജി ഉണ്ണികൃഷ്ണൻ ടോക് ഷോ മോഡറേറ്റർ ആയിരുന്നു. ചോദ്യോത്തര സെഷൻ സ്പന്ദന, ഗണേഷ് എന്നിവർ മോഡറേറ്റ് ചെയ്തു.
ശ്രീലങ്കൻ അംബാസഡർ വിജെരത്ന മെൻഡിസ്, നേപ്പാളി എംബസി, ബംഗ്ലാദേശി എംബസി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, മറ്റു സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.എൽ.സി ഗവേണിങ് കൗൺസിൽ അംഗങ്ങളായ ടോജി (ട്രഷ), ഫ്രാൻസിസ് കൈതാരത്ത് (മീഡിയ കോഓഡിനേറ്റർ), ശ്രീജ ശ്രീധരൻ (അസി ജനറൽ സെക്രട്ടറി), വിനോദ് നാരായണൻ, ഹരി ബാബു, ജയ് ഷാ, ഗണേഷ് മൂർത്തി, മുഹമ്മദ് സലിം മണിക്കുട്ടൻ, പ്രീതി പ്രവീൺ, രാജി ഉണ്ണികൃഷ്ണൻ, റിതിൻ രാജ്, സുഭാഷ് തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സപ്പോർട്ടിങ് അംഗങ്ങളായ ഹർബിന്ദർ ഗാബയും സതീഷ് കുമാറും രജിസ്ട്രേഷൻ ഡെസ്ക് കൈകാര്യം ചെയ്തു. പി.എൽ.സി ജനറൽ സെക്രെട്ടറി സുഷമ ഗുപ്ത നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.