മനാമ: പൊതുവായ ആരോഗ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രി ജലീല ബിൻത് അൽ സായിദ് ജവാദ് ഹസൻ പറഞ്ഞു. ഡബ്ല്യു.എച്ച്.ഒ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസ് ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ധാരിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
രോഗങ്ങളെയും പകർച്ചവ്യാധികളെയും ചെറുക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായുള്ള ഫലപ്രദമായ സഹകരണത്തിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഒരു വർഷം മുമ്പ് സംഘടനയുടെ 152ാമത് ഓഫിസ് രാജ്യത്ത് ആരംഭിച്ചതോടെ പങ്കാളിത്തം ദൃഢമായതായി അവർ വ്യക്തമാക്കി.
ബഹ്റൈനിലെ ആരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ഡോ. അഹമ്മദ് അൽ-മന്ധാരി അഭിനന്ദിച്ചു. കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കാൻ രാജ്യത്തിന് കഴിഞ്ഞു. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഉയർന്ന കാര്യക്ഷമതയോടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിനും മാതൃകാപരമായ പ്രവർത്തനമാണ് ബഹ്റൈൻ നടത്തിയത്. ആരോഗ്യരംഗത്തെ രാജ്യത്തിന്റെ നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിജയമാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്, നാഷനൽ ജീനോം സെന്റർ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, റിഫയിലെ ഹുനൈനിയയിലുള്ള ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ അദ്ദേഹവും സംഘവും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.