മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഭാഗിക അടച്ചിടൽ വിജയകരം. അടച്ചിടൽ ഒരു മാസം തികയാറാകുേമ്പാൾ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് മേയ് 28 മുതലാണ് രാജ്യത്ത് ഭാഗിക അടച്ചിടൽ നടപ്പാക്കിയത്. അവശ്യ സേവനം ഒഴികെ എല്ലാ മേഖലകളും അടച്ചിട്ടു. റെഡ്ലിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തി. റസ്റ്റാറൻറുകളിലും കഫേകളിലും ഡെലിവറി/ടേക് എവേ മാത്രമാക്കി. കൃത്യമായ മുന്നൊരുക്കത്തോടെ രണ്ടാം തരംഗത്തെ നേരിട്ട ബഹ്റൈൻ ഭരണകൂടത്തിെൻറ തീരുമാനങ്ങൾ ശരിവെക്കുന്നതാണ് തുടർ കണക്കുകൾ.
നിയന്ത്രണങ്ങൾ തുടങ്ങിയ മേയ് 28ന് 2957 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. 21 പേർ മരിച്ചു. ആകെ ആക്ടിവ് കേസുകളുടെ എണ്ണം 28,073 ആയിരുന്നു. എന്നാൽ, ഏകദേശം ഒരുമാസം പിന്നിട്ട് ജൂൺ 25 ആയപ്പോൾ പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു. 288 പുതിയ കേസുകൾ മാത്രമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു മരണം മാത്രമാണുണ്ടായത്. ആക്ടിവ് കേസുകൾ 4813 ആയി കുറയുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന നാളുകളിൽനിന്ന് ആശ്വാസത്തിെൻറ ദിനങ്ങളിലേക്ക് എത്തിയതിെൻറ സമാധാനത്തിലാണ് ജനം. ശക്തമായ നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും രോഗവ്യാപനം കുറക്കാൻ സഹായിച്ചു.
മേയ് 29നാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. 3274 പേർക്കാണ് അന്ന് പുതുതായി രോഗം ബാധിച്ചത്. എന്നാൽ, മേയ് 30ന് പ്രതിദിന കേസുകൾ 2458 ആയി കുറഞ്ഞു. ശക്തമായ നിയന്ത്രണങ്ങളെത്തുടർന്ന് തുടർ ദിവസങ്ങളിൽ രോഗവ്യാപനം ക്രമാനുഗതമായി കുറയുകയായിരുന്നു. ജൂൺ രണ്ടിനാണ് പുതിയ കേസുകളുടെ എണ്ണം 2000ന് താഴെ എത്തിയത്. 1936 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്ത്. ജൂൺ 11ന് പുതിയ കേസുകൾ 1000ന് താഴെ എത്തി. 967 പേർക്കാണ് അന്ന് പുതുതായി രോഗം ബാധിച്ചത്.
ഏറ്റവും കൂടുതൽ പ്രതിദിന മരണം സംഭവിച്ചത് ജൂൺ ഒന്നിനാണ്. 29 പേരാണ് അന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മേയ് 29നാണ്. 17.55 ശതമാനമായിരുന്നു അന്നത്തെ രോഗസ്ഥിരീകരണ നിരക്ക്. എന്നാൽ, ജൂൺ 25ന് ഇത് 2.20 ശതമാനത്തിലെത്തി.
ആക്ടിവ് കേസുകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് മേയ് 29നാണ്. 28798 പേരാണ് അന്ന് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതാണ് വെള്ളിയാഴ്ച 4813ൽ എത്തിയത്. ജൂലൈ രണ്ട് വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ തുറക്കുന്നത് പരിഗണിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഏറ്റവും ഉയർന്ന പ്രതിദിന കേസ് - 3274 (മേയ് 29)
ഏറ്റവും കൂടുതൽ പ്രതിദിന മരണം - 29 (ജൂൺ 1)
ഉയർന്ന രോഗസ്ഥിരീകരണനിരക്ക് - 17.55% (മേയ് 29)
ഏറ്റവും കൂടുതൽ ആക്ടിവ് കേസ് - 28798 (മേയ് 29)
ആകെ മരണം - 1335
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.