മനാമ: കൺമുന്നിൽ ആരെങ്കിലും ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണാലും ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ നിൽക്കേണ്ടിവന്നവർ നിരവധിയായിരിക്കും. പ്രഥമശുശ്രൂഷയെപ്പറ്റി ധാരണയില്ലാത്തതായിരിക്കും കാരണം. എന്നാൽ, ഹൃദ്രോഗികൾക്ക് സി.പി.ആർ കൊടുത്താൽ വിലയേറിയ ആ ജീവൻതന്നെ രക്ഷിക്കാൻ നമുക്ക് സാധിക്കും. സി.പി.ആർ സംബന്ധിച്ച ധാരണയില്ലാത്തവർക്ക് അതിനുള്ള പരിശീലനത്തിന് അവസരമൊരുക്കുകയാണ് വോയിസ് ഓഫ് ബഹ്റൈനും ബി.എം.സിയും.
മാർച്ച് മൂന്നിന് രാത്രി ആറിന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധരുടെ സഹകരണത്തോടെ ബി.എം.സി ഹാളിലാണ് പരിശീലനം. ഡമ്മി വെച്ചുള്ള സി.പി.ആർ പരിശീലനവും ബോധവത്കരണ ക്ലാസുമാണ് ഒരുക്കുന്നത്. എന്താണ് സി.പി.ആർ എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരാൾക്ക് ഹൃദയസ്തംഭനം സംഭവിച്ചാൽ ആ വ്യക്തി തളർന്നുവീഴാം, ചിലപ്പോൾ ബോധം കെടാം. ഇങ്ങനെ കുഴഞ്ഞുവീഴുന്നവർക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമാകും. കുഴഞ്ഞുവീണ രോഗിക്ക് പുനർജീവന ചികിത്സ (സി.പി.ആർ) നൽകുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആർക്കും എവിടെവെച്ചും ചെയ്യാൻ കഴിയും.
ബഹ്റൈനിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നാല്പതോളം പ്രവാസികളാണ് മരിച്ചത്. വലിയൊരു ശതമാനം പേരുടെയും മരണകാരണം ഹൃദയാഘാതമായിരുന്നു. ദിനചര്യകളും ഭക്ഷണരീതികളും വലിയൊരളവിൽ ഇതിന് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് വോയിസ് ഓഫ് ബഹ്റൈൻ ഹൃദയസംബന്ധമായ വിഷയത്തിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത്. താഴെ കാണുന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLScGogIO1dKuX3JmTw8z_7wnX6Mw8mvFEEb8YioJmZPuUTT6vQ/viewform വിവരങ്ങൾക്ക്: 32070363 / 39037263 / 37397550.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.