മനാമ: ബഹ്റൈനിലെ പള്ളികളിൽ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചു. കർശനമായ കോവിഡ് -19 മുൻകരുതലുകൾ പാലിച്ചാണ് പള്ളികൾ പ്രഭാത പ്രാർഥനക്കായി തുറന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 23നാണ് പള്ളികളിൽ പ്രാർഥന നിർത്തിവെച്ചത്. അതിനുശേഷം ആദ്യമായാണ് പ്രാർഥനക്കായി തുറക്കുന്നത്. പള്ളികളിൽ സുബ്ഹ് നമസ്കാരം അനുവദിക്കാൻ കഴിഞ്ഞ ബുധനാഴ്ചയാണ് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം തീരുമാനിച്ചത്. മതിയായ മുൻകരുതലുകൾ പാലിച്ച് പള്ളികൾ ക്രമേണ തുറക്കുമെന്ന് ഇസ്ലാമിക കാര്യ സുപ്രീംകൗണ്സിലും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാർഥനക്കെത്തുന്നവർ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളികളുടെ പ്രവേശന കവാടത്തില്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം. നമസ്കരിക്കുന്നവര് ഓരോരുത്തരും മറ്റുള്ളവരില്‍നിന്ന് രണ്ട് മീറ്റര്‍ അകലം പാലിക്കണം. നമസ്കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്കാരം ആരംഭിക്കും. നമസ്കാരശേഷം 10 മിനിറ്റ് കഴിഞ്ഞ് പള്ളികള്‍ അടക്കും. നമസ്കാരത്തിന് മുമ്പും പിമ്പുമുള്ള ഐച്ഛിക നമസ്കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്കാരത്തിന് വരാന്‍ വിലക്കുണ്ട്.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ നമസ്കാരത്തിന് വരരുത്. അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ബാത്റൂമുകളും കുടിവെള്ള സംവിധാനങ്ങളും അടച്ചിടും. വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തിയാണ് നമസ്കാരത്തിനെത്തേണ്ടത്. ഒാരോരുത്തരും സ്വന്തമായി നമസ്കാര പടം കരുതേണ്ടതാണ്. നമസ്കാരശേഷം അവ പള്ളിയില്‍ സൂക്ഷിക്കാന്‍ പാടില്ല.
മാസ്ക് ധരിച്ച് വേണം പള്ളികളില്‍ പ്രവേശിക്കാൻ. സാനിറ്റൈസര്‍ അടക്കമുള്ള ശുചീകരണ നടപടികള്‍ പള്ളിയില്‍ കയറും മുമ്പ് പൂര്‍ത്തിയാക്കണം. പ്രാര്‍ഥിക്കാനെത്തുന്നവര്‍ വാതിലില്‍ സ്പര്ശിക്കാതിരിക്കുന്നതിനായി പള്ളിയുടെ വാതിലുകള്‍ തുറന്നിടേണ്ടതാണ്. നമസ്കാരത്തിനു മുമ്പും ശേഷവും വാതില്‍ പിടികള്‍ ശുചീകരിക്കണം. നമസ്കാരത്തിന് മുമ്പോ ശേഷമോ കൈകൊടുക്കുന്നത് ഒഴിവാക്കണം. കസേരയിലിരുന്ന് നമസ്കരിക്കുന്നവര്ക്കായി നേരത്തേ തന്നെ അവ ശുചീകരിച്ച് സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.