മനാമ: വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ സ്വത്തുക്കൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിലെ കാലതാമസം നിരവധി പേർക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തുക്കൾ കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിക്കുന്നതാണ് ബഹ്റൈനിലെ നിയമം. ഇതുകാരണം, അനന്തരാവകാശികൾക്ക് സ്വത്ത് ലഭിക്കാൻ ഏറെ സമയമെടുക്കുന്നു. ചെറിയ വരുമാനക്കാരായ പ്രവാസികളെയാണ് ഇതു കൂടുതൽ ബാധിക്കുന്നത്. അമുസ്ലിം പ്രവാസികളുടെ സ്വത്തുവകകൾ സംബന്ധിച്ച 1971ൽ പാസാക്കിയ നിയമമാണ് നിലവിലുള്ളത്. ഇതനുസരിച്ച് ജോയൻറ് അക്കൗണ്ട് ഉൾപ്പെടെ എല്ലാ അക്കൗണ്ടും കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിക്കും. തൊഴിലുടമയുടെ പക്കൽനിന്ന് ആനുകൂല്യങ്ങൾ കിട്ടാൻ ബാക്കിയുണ്ടെങ്കിൽ അതിനും വീട്, കാർ ഉൾപ്പെടെ മറ്റ് ആസ്തികൾക്കും ഇതു ബാധകമാണ്.
മരിച്ചയാളുടെ അനന്തരാവകാശികൾ നാട്ടിൽനിന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റും ബഹ്റൈനിൽ പവർ ഒാഫ് അറ്റോണിയും ഹാജരാക്കി കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുേമ്പാഴാണ് ഇൗ ആസ്തികൾ വിട്ടുകിട്ടുക. മുസ്ലിം പ്രവാസികൾക്ക് ശരീഅ നിയമപ്രകാരം ഇതേ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഏറെ കാലതാമസമെടുക്കുന്ന പ്രക്രിയയാണിത്. കേരളത്തിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടാൻ വില്ലേജ് ഒാഫിസിലാണ് അപേക്ഷ നൽകേണ്ടത്. മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ നൽകേണ്ടത്. തുടർന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് ആർക്കും എതിർപ്പൊന്നും ഇല്ലെങ്കിൽ തഹസിൽദാർ മുഖേന അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകും. ഇത് ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അപ്പോസ്റ്റിൽ (സാക്ഷ്യപ്പെടുത്തൽ) ചെയ്യിക്കണം. ഇതിനു ചുരുങ്ങിയത് നാലു മാസമെങ്കിലും എടുക്കും. ആറു മാസത്തിലധികമായിട്ടും അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സംഭവങ്ങളുമുണ്ട്.
സർട്ടിഫിക്കറ്റ് കിട്ടിയാൽ ബഹ്റൈനിലെ കോടതിയിൽ രേഖകൾ ഹാജരാക്കി അനുകൂല ഉത്തരവ് ലഭിക്കണമെങ്കിൽ വീണ്ടും ആറു മാസമെങ്കിലും എടുക്കും. ഇത്രയും കടമ്പകൾ കടന്നാൽ മാത്രമാണ് അനന്തരാവകാശിക്ക് സ്വത്ത് വിട്ടുകിട്ടുക. 1971ൽ നിയമം കൊണ്ടുവന്ന കാലത്തെക്കാൾ ഇപ്പോൾ സാഹചര്യം ഏറെ മാറി. പ്രവാസികളുടെ എണ്ണത്തിലും വർധനയുണ്ടായി. ഇൗ സാഹചര്യത്തിൽ നിയമത്തിൽ ഭേദഗതികൊണ്ടുവന്നാൽ നിരവധിപേർക്ക് പ്രയോജനം ചെയ്യുമെന്ന് നിയമവിദഗ്ധനായ അഡ്വ. വി.കെ. തോമസ് ചൂണ്ടിക്കാട്ടി. ജോയൻറ് അക്കൗണ്ട് ഉടമകളിൽ ഒരാളാണ് മരണപ്പെട്ടതെങ്കിൽ മറ്റേ ഉടമക്ക് അക്കൗണ്ടിൽനിന്ന് പകുതി തുക പിൻവലിക്കാൻ അനുമതി നൽകണമെന്നാണ് മറ്റൊരാവശ്യം.
അമുസ്ലിം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് നോമിനിയെ നിർദേശിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ കുറേ പേർക്ക് ആശ്വാസമാകും. നോമിനി ഉണ്ടെങ്കിൽ ബുദ്ധിമുട്ടില്ലാതെ അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ കഴിയും. ഇൗ വിഷയങ്ങൾ സാമൂഹിക പ്രവർത്തകർ ബഹ്റൈൻ സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. പ്രവാസികൾക്ക് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.