മനാമ: രാഷ്ട്രീയ താൽപര്യങ്ങളെ മുൻനിർത്തി കേരളത്തിന്റെ വിഖ്യാതമായ സാമൂഹിക സൗഹൃദാന്തരീക്ഷം തകർക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ. ഏറെക്കാലമായി തീവ്രശ്രമം നടത്തിയിട്ടും കേരളത്തിൽ സംഘ്പരിവാർ ശക്തികൾക്ക് വളരാനും നിർണായക ശക്തിയാകാനും സാധിച്ചിട്ടില്ല.
ഇതിനുകാരണം വർഗീയശക്തികൾക്കെതിരെ കേരളീയ സമൂഹം പുലർത്തുന്ന ജാഗ്രതയാണ്. എന്നാൽ കുറച്ചുകാലമായി മതേതര കക്ഷികൾ, അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന നടപടികളും നീക്കുപോക്കുകളും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാകുകയാണ്. ഇതിന്റെ മറപിടിച്ച് ഹിന്ദുത്വ ശക്തികൾ ഉൽപാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങൾ കേരളീയ സാമൂഹികാന്തരീക്ഷത്തിന് വലിയ ക്ഷതമേൽപിക്കുന്നു. ഇത് ആത്യന്തികമായി മതേതര രാഷ്ട്രീയ കക്ഷികളുടെ ദുർബലതക്കും തകർച്ചക്കുമിടയാക്കുമെന്നും ബഹ്റൈനിൽ സന്ദർശത്തിനെത്തിയ പി. മുജീബ് റഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സംഘ്പരിവാറിന് നേട്ടമുണ്ടാക്കുന്ന ഇത്തരം നടപടികളിൽനിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ പിന്തിരിയണം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ഈ മത വർഗീയതയുടെ ഇരകളാണ്. സംഘ്പരിവാർ ശക്തികളുൽപാദിപ്പിക്കുന്ന വർഗീയ പ്രചാരണത്തിനെതിരെ തോളോടുതോൾ ചേർന്ന് ചെറുത്തുനിൽപ് നടത്തേണ്ട ബാധ്യതയാണ് അവർക്കുള്ളത്.
എന്നാൽ സമീപകാലത്ത് ന്യൂനപക്ഷങ്ങൾകിടയിൽ രൂപപ്പെട്ടുവരുന്ന വിള്ളലുകൾ ആരോഗ്യകരമല്ല, എന്നു മാത്രമല്ല അത് ആത്യന്തികമായി വർഗീയ ധ്രുവീകരണത്തിന് തക്കം പാർത്തിരിക്കുന്ന സംഘ്പരിവാർ ശക്തികൾക്കാണ് ഗുണം ചെയ്യുക. ആഗോളതലത്തിൽ സാമ്രാജ്യത്വവും ഇന്ത്യയിൽ സംഘ്പരിവാറും ഇസ്ലാമോ ഫോബിയ വളർത്താൻ ശ്രമിക്കുകയാണ്. ഈ അന്തരീക്ഷം കേരളത്തിൽ ശക്തിപ്പെടാൻ ഇടത് പാർട്ടികളുടെ നിലപാട് സഹായകമാകുന്നു എന്നത് ദൗർഭാഗ്യകരമാണ്.
മുനമ്പം വഖഫ് ഭൂമി പ്രശ്നം സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി കാണാതെ സമവായത്തിലൂടെ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടണമെന്നും എന്നാൽ സാധുക്കളായ താമസക്കാരെ ഒഴിപ്പിക്കാൻ പാടില്ല എന്നുമുള്ള നിലപാടാണ് മുസ്ലിം സംഘടനകളെല്ലാം സ്വീകരിച്ചത്. വർഗീയധ്രുവീകരണത്തിന് അവസരമൊരുക്കാതെ സമവായത്തിലൂടെ അടിയന്തര പരിഹാരമുണ്ടാക്കാൻ സർക്കാർ തയാറാകണം.
ഇൻഡ്യ മുന്നണി കരുത്താർജിച്ചതിന്റെ ഗുണഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. യോജിച്ചു നിന്നതുകൊണ്ടാണ് ശക്തമായ പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമുണ്ടായത്. എന്നാൽ മതേതരത്വത്തിന്റെ ഭാവിയെ കരുതി ഈ ഐക്യം മുന്നോട്ടുകൊണ്ടുപോകാൻ മതേതര കക്ഷികൾ തയാറാകണം.
താൽക്കാലിക ലാഭങ്ങൾക്കുവേണ്ടി ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽനിന്ന് ഘടക കക്ഷികൾ പിന്തിരിയണം. സംഘ്പരിവാറിന്റെ അവസാന പരാജയം ഉറപ്പുവരുത്തുന്നതുവരെ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട ബാധ്യത മതേതര കക്ഷികൾക്കുണ്ടെന്നും പി. മുജീബ് റഹ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.