മനാമ: കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1815 വിദേശികളെ സർക്കാർ സർവിസുകളിൽനിന്ന് ഒഴിവാക്കിയതായി സിവിൽ സർവിസ് ബ്യൂറോ ചീഫ് അഹ്മദ് സായിദ് വ്യക്തമാക്കി. സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിെൻറ ഭാഗമായിട്ടാണ് നടപടി. 2019 മുതൽ 2021 നവംബർ 14 വരെയുള്ള റിപ്പോർട്ട് പ്രകാരം 4598 സ്വദേശികളെ വിവിധ തസ്തികകളിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 6300 സ്ഥാപനങ്ങളിലായി 25,000 സ്വദേശികളാണ് സിവിൽ സർവിസ് ബ്യൂറോക്ക് കീഴിലുള്ളത്. 12,000 പേർക്ക് പരിശീലനം നൽകുകയും ചെയ്തു. സർക്കാർ മേഖലയിൽ മൊത്തം 7200 വിദേശികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
ഇതിൽ 3800 പേരും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്. സ്വദേശി അധ്യാപകർക്ക് നേരിട്ട് തൊഴിൽ നൽകാൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 94 ശതമാനവും സ്വദേശികളാണ്. എല്ലാ വർഷവും ഇവിടെ 250 പേരാണ് പഠനത്തിനായി ചേർന്നുകൊണ്ടിരുന്നത്. എന്നാൽ, ഇപ്രാവശ്യം ചരിത്രത്തിലാദ്യമായി 1200 പേരാണ് പരിശീലനത്തിനായി ചേർന്നത്. വിദ്യാഭ്യാസ മേഖലയിൽ വരും വർഷങ്ങളിൽ സ്വദേശികൾ മാത്രമാകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.