മനാമ: വിദേശത്ത് മരിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായകമായി ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇ-ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമെയ്ൻസ് (eCARE) പോർട്ടൽ ആരംഭിച്ചു. https:/ /ecare.mohfw.gov.in, എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്ലിയറൻസ് നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കും. ഇനി മുതൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.
എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും എയർലൈനുകളുടെയും പങ്കാളിത്തത്തോടെ, കാര്യക്ഷമമായ ഏകോപനവും ആവശ്യമായ രേഖകളുടെ വേഗത്തിലുള്ള ക്ലിയറൻസും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. സമയാസമയങ്ങളിൽ അലർട്ടുകളും ലഭിക്കും. മാത്രമല്ല നടപടിക്രമങ്ങളുടെ നില അപ്പപ്പോൾ പരിശോധിക്കാനുമാകും. ഇ-കെയർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സാധാരണഗതിയിൽ നാല് മണിക്കൂറിനുള്ളിൽ കൺഫർമേഷൻ ലഭിക്കും.പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞാൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ പോർട്ടലിൽ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. ആശുപത്രിയിൽനിന്ന് ഡെത്ത് സർട്ടിഫിക്കറ്റ് ലഭിച്ചാൽ തൊഴിലുടമ എംബസിക്ക് കത്ത് നൽകേണ്ടതുണ്ട്. പരേതന്റെ ശമ്പളം, ജോലി ചെയ്ത കാലം, ഇൻഡമിനിറ്റി തുക, രണ്ടുമാസത്തെ അഡ്വാൻസ് ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾ തൊഴിലുടമ എംബസിക്ക് നിർബന്ധമായും കൈമാറണമെന്നാണ് നിയമം.
ആശുപത്രിയിൽനിന്ന് ലഭിക്കുന്ന ഡെത്ത് നോട്ടിഫിക്കേഷനുമായി സി.പി. ആർ ഡയറക്ടറേറ്റിൽ പോകണം. അവിടെനിന്നാണ് ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കുക. അത് ലഭിച്ചശേഷമാണ് എംബസി ഡെത്ത് സർട്ടിഫിക്കറ്റ് അനുവദിക്കുക. ഇതിനുശേഷം എംബസി സർട്ടിഫിക്കറ്റ് നൽകും.
അതിനുശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. പിന്നീട് കാർഗോ കമ്പനിയെ ഈ രേഖകൾ ഏൽപിക്കുകയും അവർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുമാണ് ചെയ്യുക. എന്നാൽ വേണ്ട വിവരങ്ങൾ പോർട്ടലിൽ അപ് ലോഡ് ചെയ്താൽ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി വേണ്ടി വരുന്ന സമയം വളരെയേറെ കുറക്കാൻ കഴിയും.
വിമാനത്താവളങ്ങളിൽ നിന്നുള്ള വിവരങ്ങളും ഫ്ലൈറ്റ് വിശദാംശങ്ങളും ഉൾപ്പെടെ പോർട്ടലിൽനിന്ന് ലഭ്യമാകും. ഒരു ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തിലേക്ക് കയറാൻ പറ്റും എന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനപ്രദമാണ് പുതിയ സംവിധാനമെന്ന് പ്രവാസി ലീഗൽ സെൽ, ഗ്ലോബൽ പി.ആർ.ഒ ആൻഡ് ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. മരിക്കുന്നത് വർക്ക് വിസയിലുള്ളയാളാണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കേണ്ട ചുമതല പൂർണമായും തൊഴിലുടമയുടേതാണ്.
തൊഴിലുടമ അതിനു തയാറായില്ലെങ്കിലോ, മരിച്ചത് വിസ കാലാവധി കഴിഞ്ഞയാളാണെങ്കിലോ എംബസി ആ ചുമതല നിർവഹിക്കും. തൊഴിലുടമ മൃതദേഹം നാട്ടിലേക്കയക്കാനുള്ള പണം നൽകാതിരിക്കുകയാണെങ്കിൽ എംബസി എൽ.എം. ആർ. എയെ വിവരം അറിയിക്കും.
തുടർന്ന് തൊഴിലുടമക്കെതിരായ നിയമനടപടികൾ അവരാണ് സ്വീകരിക്കേണ്ടത്. തൊഴിലുടമ പണം നൽകാതിരിക്കുകയാണെങ്കിൽ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കേണ്ടത്. ഇതിനുള്ള തുക ഐ.സി.ഡബ്ല്യു. എഫ് ഫണ്ടിൽനിന്ന് എംബസി കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.