മനാമ: മാർച്ചിൽ ഇ-പാസ്പോർട്ട് പദ്ധതി ആരംഭിച്ചശേഷം പൗരന്മാർക്കായി 50,000ത്തിലധികം ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തതായി ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പറഞ്ഞു. ഓരോ മാസവും കൂടുതൽ പാസ്പോർട്ടുകൾ വിതരണം ചെയ്യാൻ ശ്രമിക്കുകയാണ്.
അപേക്ഷിക്കുമ്പോൾ ഇ-പാസ്പോർട്ടിന്റെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പൗരന്മാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അത്യാധുനിക സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഇ-പാസ്പോർട്ട് നിൽവിൽവന്നത്. സംവിധാനങ്ങൾ ആധുനികവത്കരിക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ഇ-പാസ്പോർട്ടിന്റെ ലോഞ്ചിങ് നിർവഹിക്കവെ ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചൂണ്ടിക്കാണിച്ചിരുന്നു.
മൂന്നു ഘട്ടമായാണ് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സംവിധാനം ലഭ്യമാക്കുന്നത്.നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് വിഭാഗത്തിന്റെ മുൻകൈയിലാണ് ആധുനിക സംവിധാനം സാധ്യമാക്കിയത്.സാധാരണ പാസ്പോർട്ട്, ഡിേപ്ലാമാറ്റിക് പാസ്പോർട്ട്, സ്പെഷൽ പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവ ഇ-പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിവരിക്കുന്ന പശ്ചാത്തല ചിത്രങ്ങളോടെയാണ് ഓരോ പേജും ഡിസൈൻ ചെയ്തിരിക്കുന്നത്.ആധുനിക സാങ്കേതിക വിദ്യ അനുവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പാസ്പോർട്ട് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.