മനാമ: കേരളീയ സമാജത്തിൽ പലഹാര മേളയോടെ ഒാണാഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം കാലത്ത് മുതൽ അംഗങ്ങൾ നാടൻ കേരളീയ പലഹാരങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു. വിവിധ പ്രദേശങ്ങളുടെ തനത് രുചികളുടെ പ്രതിഫലനമായി പലഹാരമേള മാറി. വിവിധ പലഹാരങ്ങൾ തത്സമയം പാചകം ചെയ്താണ് നൽകിയത്. ഉണ്ണിയപ്പം, മുറുക്ക്, അച്ചപ്പം, കളിയോടക്ക, അട, കായവറുത്തത്, കപ്പ,ചേന തുടങ്ങിയവ വറുത്തത് എന്നിവയും പലതരം അച്ചാറുകളും വിൽപനക്കെത്തി. വെളിച്ചെണ്ണയിലാണ് മിക്കവരും വിഭവങ്ങൾ തയാറാക്കിയത്.
പാചകത്തിലും വിൽപനയിലും സമാജം വനിതാവേദി സജീവമായിരുന്നു. അച്ചാറുകൾക്ക് കുപ്പിയൊന്നിന് ഒരുദിനാറായിരുന്നു വില. 500 ഫിൽസ് മുതൽ വറുത്തുപ്പേരികൾ ലഭ്യമായിരുന്നു. 15 സ്റ്റാളുകളാണ് സജ്ജീകരിച്ചത്. പുട്ട് (നാലു തരം), ദോശ, അട തുടങ്ങിയവ തത്സമയാണ് പാചകം ചെയ്തത്.ഒാരോ സ്റ്റാളിലും അഞ്ചുപേരോളം വിൽപനക്കുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് തീറ്റ മത്സരം, കസേരകളി, പുഷ് അപ്പ് മത്സരം എന്നിവയും നടന്നു. വെള്ളിയാഴ്ചയായതിനാൽ പലരും കുടുംബത്തോടൊപ്പമാണ് മേള സന്ദർശിച്ചത്. ഷാജൻ സെബാസ്റ്റ്യൻ, ടി.ജെ.ഗിരീഷ്, ഉണ്ണികൃഷ്ണൻ പിള്ള, സുമിത്ര പ്രവീൺ, മോഹിനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. രാത്രി 11മണി വരെ മേള നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.