ലോകത്ത് എവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരക്കണക്കിന് ആളുകളിൽനിന്ന് ഊർജമുൾക്കൊണ്ട് പ്രവർത്തിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി. 27ാം വയസ്സ് മുതൽ മരിക്കുന്ന 79 വയസ്സു വരെ, തുടർച്ചയായി 12 തവണ, നീണ്ട 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയാകാനും ഭാഗ്യം ലഭിച്ച അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ ജീവിതം മാറ്റിവെച്ചു.
കേരളത്തിലെ മുന്നണിരാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യാനും ആർക്കും ഒരു പരാതിയും ഇല്ലാതെ പ്രശ്നപരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യതയുടെ പര്യായമായ ഉമ്മൻ ചാണ്ടി കാരുണ്യത്തിന്റെ നിറകുടമായിരുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വധശിക്ഷയടക്കം പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ആളുകൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുന്ന തരത്തിൽ അദ്ദേഹം ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണെന്നും ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മനാമ: കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയും പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.എം.സി.സി ബഹ്റൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതേതര കാഴ്ചപ്പാടിലും നിലപാടിലും ഉറച്ചു നിന്നുകൊണ്ട് ജനാധിപത്യ വഴിയിലൂടെ ജീവിതകാലം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. സാധാരണ പൗരന്മാരുടെ ജീവിതപ്രശ്നങ്ങൾ അടുത്തുനിന്ന് കേട്ട് അദ്ദേഹം പരിഹാരം കണ്ട ജനസമ്പർക്ക യാത്രകൾ കേരള ചരിത്രത്തിൽ ഇടം നേടി. കേരള ജനതയുടെ ദുഃഖത്തിലും പ്രയാസത്തിലും ബഹ്റൈൻ കെ.എം.സി.സി പങ്ക് ചേരുന്നതായി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻ ചാണ്ടിയുടെ മെയ്വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. തുടർച്ചയായി 50 വർഷം ഒരേ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോട് ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെകൂടി ദൃഷ്ടാന്തമാണ്. കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവുണ്ടാക്കും. ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഊണും ഉറക്കവും ഉപേക്ഷിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടി ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് ഐ.വൈ.സി.സി. സ്നേഹത്തോടും സമാധാനത്തോടും മാത്രം മറ്റുള്ളവരോട് ഇടപഴകിയിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും ഐ.വൈ.സി.സിയുടെ വളർച്ചക്ക് മുതൽക്കൂട്ടായിട്ടുണ്ടെന്നും പ്രസിഡന്റ് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടേതെന്ന് ബഹ്റൈൻ കേരളീയ സമാജം അനുശോചനക്കുറിപ്പിൽ പറഞ്ഞു. പൊതുസേവനത്തിനും ജനപങ്കാളിത്തത്തോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജന. സെക്രട്ടറി വർഗീസ് കാരയ്ക്കലും പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. മെഡിക്കൽ രംഗത്തുള്ളവരോടും ജീവകാരുണ്യ പ്രവർത്തകരോടും അദ്ദേഹം എന്നും അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചിരുന്നെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. അദ്ദേഹത്തിന്റെ ബഹ്റൈൻ സന്ദർശന വേളയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫിസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെനേരം സംവദിക്കുകയും ചെയ്തിരുന്നതായും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.