മനാമ: പ്രവാസി പെൻഷൻ പദ്ധതിയിൽ പ്രതിമാസ തവണ മുടങ്ങിയവർക്ക് ഭീമൻ പിഴത്തുക കുരുക്കാകുന്നു. പല കാരണങ്ങളാൽ അടവ് മുടങ്ങിയ നിരവധി പേരാണ് ഇതുകാരണം പ്രയാസത്തിലായിരിക്കുന്നത്. 36,000 രൂപ അടക്കാനുണ്ടായിരുന്ന ഒരാൾക്ക് 26,000 രൂപയാണ് പിഴയും പലിശയും വന്നത്. ഇതും ചേർത്ത് 62000 രൂപ അടച്ചാണ് ഇദ്ദേഹം കഴിഞ്ഞദിവസം അംഗത്വം പുനഃസ്ഥാപിച്ചത്. 30,150 രൂപ അടക്കാനുള്ള മറ്റൊരാൾക്ക് പിഴത്തുക വന്നത് 17,824 രൂപയാണ്. 19,800 രൂപ അടക്കാനുള്ളയാൾക്ക് 5261 രൂപയും 45,750 രൂപ അടക്കാനുള്ളയാൾക്ക് 34,425 രൂപയും 16,750 രൂപ അടക്കാനുള്ളയാൾക്ക് 2944 രൂപയുമാണ് പിഴത്തുകയായി വന്നിരിക്കുന്നത്. ഇത്രയും വലിയ പിഴത്തുക കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസികൾ.
വിദേശത്തുള്ളവർ പ്രതിമാസം 350 രൂപയാണ് പെൻഷൻ അംശദായം അടക്കേണ്ടത്. നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ 200 രൂപ വീതവും അടക്കണം. വിദേശത്തുള്ളവർക്ക് 3500 രൂപയും നാട്ടിലുള്ളവർക്ക് 3000 രൂപയുമാണ് മിനിമം പെൻഷൻ. കോവിഡ് കാലത്ത് അംശദായം മുടങ്ങിയവർക്ക് പിഴത്തുകയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ, പരിമിതമായ കാലത്തേക്ക് മാത്രമാണ് ഇത് പ്രയോജനപ്പെട്ടത്. അതിനാൽ, മുഴുവൻ പിഴത്തുകയും ഒഴിവാക്കി അംഗത്വം പുനഃസ്ഥാപിക്കാൻ ആറുമാസത്തെ ഇടക്കാലാശ്വാസമെങ്കിലും പ്രവാസികൾക്ക് നൽകണമെന്ന് ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ ആവശ്യപ്പെട്ടു.
കൃത്യമായ ബോധവത്കരണമില്ലാത്തതാണ് പ്രവാസികൾ അംശദായം അടക്കുന്നതിൽ വീഴ്ചവരുത്താൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഭാഗത്തുനിന്ന് ഇതിന് സജീവമായ ഇടപെടൽ വേണം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് അംശദായം മുടങ്ങാൻ മറ്റൊരു കാരണം. ഒരുവർഷത്തിലധികം അംശദായം അടക്കുന്നത് മുടങ്ങിയാൽ അംഗത്വം നഷ്ടമാകും. പിന്നീട് കുടിശ്ശികയും പിഴയും പലിശയും പൂർണമായി അടച്ചാൽ മാത്രമാണ് അംഗത്വം പുനഃസ്ഥാപിക്കാനാവുക. ഗൂഗ്ൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ അധിഷ്ഠിത സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ അംശദായം അടക്കാൻ സാധിക്കും. നിലവിൽ ഓൺലൈൻ ബാങ്കിങ് സംവിധാനത്തെയോ നാട്ടിലെ അക്ഷയ കേന്ദ്രങ്ങളെയോ ആണ് ആശ്രയിക്കേണ്ടത്. ഇതിനുള്ള ബുദ്ധിമുട്ട് കാരണം പലരും അംശദായം അടക്കുന്നതിൽ വീഴ്ചവരുത്തുന്നുണ്ടെന്ന് എ.പി ഫൈസൽ ചൂണ്ടിക്കാട്ടി.
പെൻഷനു പുറമെ പ്രവാസികൾക്ക് മറ്റു നിരവധി ആനുകൂല്യങ്ങളും നൽകുന്നതാണ് പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വം. ചികിത്സ സഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയും അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ചിലതാണ്. പെൻഷന് അർഹതയുള്ളയാൾ മരിച്ചാൽ ഭാര്യക്ക് അല്ലെങ്കിൽ യോഗ്യതയുള്ള മറ്റൊരാൾക്ക് പകുതി തുക പെൻഷൻ ലഭിക്കും.
മനാമ: കേരളത്തിന്റെ സമ്പദ്ഘടനയുടെ കെട്ടുറപ്പിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമപദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടനപത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പ്രയോഗത്തിൽ കൊണ്ടുവരണമെന്നും കെ.എം.സി.സി ബഹ്റൈൻ കേന്ദ്ര-കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ പെൻഷൻ ഉടൻ നൽകിത്തുടങ്ങണമെന്നും എല്ലാ മാസവും കൃത്യമായി നൽകുന്നത് ഉറപ്പുവരുത്താൻ കേരള സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്റ്റേറ്റ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റസാഖ് മൂഴിക്കൽ, കുട്ടൂസ മുണ്ടേരി, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, എ.പി. ഫൈസൽ, ഒ.കെ. കാസിം, കെ.കെ.സി. മുനീർ, അസ്ലം വടകര, ശരീഫ് വില്യാപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.