‘ഓർമപ്പെയ്ത്ത്’ പുസ്തകം
മനാമ: നാലു പതിറ്റാണ്ട് ബഹ്റൈനിൽ വിവിധ ബിസിനസുകൾ ചെയ്ത്, ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന ബഷീർ പറവൂരിന്റെ ‘ഓർമപ്പെയ്ത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്റൈനിൽ നടന്നു. വലിയൊരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ബഷീർ പതിനാലാം വയസ്സിലാണ് ജോലിക്കിറങ്ങുന്നത്.
പതിനാലാം വയസ്സിൽ ആദ്യ ശമ്പളം എന്ന സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ് കഥ ആരംഭിക്കുന്നത്. സ്വാനുഭവങ്ങളായ ബാലവിവാഹം, പ്രവാസനൊമ്പരം തുടങ്ങി, പ്രവാസലോകത്തെ സുഹൃത്തുക്കളുടെ സംഭവകഥകൾ അടക്കം 29 അധ്യായങ്ങൾ അടങ്ങിയ കഥാസമാഹാരമാണ് ‘ഓർമപ്പെയ്ത്ത്’. ബി.കെ.എസ്.എഫ് ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ച് കെസിറ്റിയിൽ നടന്ന ചടങ്ങിൽ ഫാ. ജോർജ് സണ്ണി പ്രകാശനം നിർവഹിച്ചു. ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി പുസ്തകം ഏറ്റുവാങ്ങി.
പഴയകാല പ്രവാസികളുടെ നൊമ്പരങ്ങളും കോവിഡും പ്രളയവും എല്ലാം കഥകളിൽ വിഷയീഭവിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
കഴിഞ്ഞ ഡിസംബർ ഒമ്പതിന് പറവൂരിൽവെച്ച് കെ.ഇ. എൻ. കുഞ്ഞഹമ്മദാണ് ഓർമപ്പെയ്ത്തിന്റെ പ്രകാശനം നിർവഹിച്ചത്. ബഹ്റൈനിൽ ഒരു ദീനാർ വിലയുള്ള പുസ്തകം വിറ്റുകിട്ടുന്ന തുക ബി.കെ.എസ്.എഫ് കാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. പുസ്തകം ആവശ്യമുള്ളവർ 33175531 എന്ന നമ്പറിൽ ബഷീർ അമ്പലായിയെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.