മനാമ: ബഹ്റൈനിലെ മുൻനിര വിദ്യാർഥികൾക്ക് അടുത്ത വർഷം ബഹിരാകാശ സംബന്ധിയായ കോഴ്സുകളിൽ ചേരാൻ അവസരം ലഭിക്കും. നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ)യും ബി.ആർ.എസ് ലാബുമായി ഈ മേഖലയിൽ പ്രത്യേക വിദ്യാഭ്യാസം നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
വിപണിയുടെ ആവശ്യകതകൾക്കനുസരിച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് കരാർ. തൊഴിൽ വിപണി - ബഹിരാകാശ മേഖലയിൽ ബഹ്റൈനിന്റെ സ്ഥാനം ഉയർത്താനുള്ള ഹമദ് രാജാവിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഇത് അവസരമൊരുക്കും. 100-ലധികം വിദ്യാർഥികൾക്ക് സൗജന്യ അവസരങ്ങൾ ലഭ്യമാക്കും.
12 മുതൽ 16 വരെ പ്രായമുള്ള മിടുക്കരായ യുവാക്കൾക്ക് വേനൽക്കാലത്ത് ഓൺലൈൻ പരിശീലന കോഴ്സുകളിൽ പങ്കെടുക്കാൻ കഴിയും. വിദ്യാർഥികളെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് എൻ.എസ്.എസ്.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇബ്രാഹിം അൽ അസീരി പറഞ്ഞു.
2025 വേനൽക്കാലത്ത് 30 വിദ്യാർഥികൾക്ക് ഓൺലൈൻ കോഴ്സുകളിൽ ചേരാൻ അവസരം നൽകാനാണ് കരാർ ലക്ഷ്യമിടുന്നത്. ഈ വിദ്യാർഥികളെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് എൻ.എസ്.എസ്.എ തിരഞ്ഞെടുക്കും. ബഹിരാകാശ മേഖലയിലും വിവിധ ശാസ്ത്രങ്ങളിലും വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഏർപ്പെടാനും ഭാവിയുടെ അവിഭാജ്യ ഘടകമായി മാറാനും ഈ കോഴ്സുകൾ വിദ്യാർഥികളെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.