മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. പ്രവാസികളോട് കരുണയും കരുതലും കാണിച്ച അദ്ദേഹത്തിെൻറ വിയോഗത്തിൽ വേദനിച്ച് നിൽക്കുകയാണ് പ്രവാസി സമൂഹവും. വിവിധ സംഘടനകളും കൂട്ടായ്മകളും അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
ഐ.വൈ.സി.സി
നീണ്ടകാലം പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കു ജീവിക്കാൻ അവസരം ഒരുക്കിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം. പ്രത്യേകിച്ച്, ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ പിന്തുണ വിസ്മരിക്കാൻ കഴിയില്ലെന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
ബഹ്റൈൻ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. അസോസിഷൻ പ്രസിഡൻറ് ചെമ്പൻ ജലാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നാസർ മഞ്ചേരി, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, എൻ.കെ. മുഹമ്മദ് അലി, ദിലീപ്, കരീം, ശരീഫ്, മനോജ്, പ്രകാശൻ, രവി, മജീദ്, രഞ്ജിത്ത്, മൻഷീർ, ബാലൻ, സലാം, ഖൽഫാൻ, അലവി, കൃഷ്ണൻ, ആദിൽ എന്നിവർ സംസാരിച്ചു.
മൈത്രി അസോസിയേഷൻ
ബഹ്റൈെൻറ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. അദ്ദേഹം പ്രവാസ സമൂഹത്തെ ചേർത്തുപിടിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ആധുനിക ബഹ്റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ബഹ്റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിെൻറ വേർപാട് വലിയ നഷ്ടമാണ്.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ
ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന് സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. ലോകത്തിലെ എല്ലാ നന്മകളും സ്വന്തം രാജ്യത്ത് നടപ്പാക്കാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു. ബഹ്റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള സർക്കാറിെൻറ ഏറ്റവും വലിയ മഹത്ത്വം. ബഹ്റൈന് എന്ന പവിഴദ്വീപിനെ പ്രവാസികള് തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന് അദ്ദേഹത്തിെൻറ നിരവധി തീരുമാനങ്ങള് കാരണമായി.
മുഹറഖ് മലയാളി സമാജം
പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. ബഹ്റൈെൻറ സമഗ്രവികസനത്തിനു അതുല്യമായ സംഭാവന ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പ്രസിഡൻറ് അനസ് റഹീം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.
കൊയിലാണ്ടി കൂട്ടം
മികച്ച ഭരണാധികാരിയായ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം കനത്ത നഷ്ടമാണ്. ഇന്ത്യയുമായും പ്രവാസി സമൂഹവുമായും ഏറെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഒട്ടേറെ കാരുണ്യ സഹായങ്ങൾ അദ്ദേഹം നൽകിയത് മറക്കാനാവാത്തതാണ്. ബഹ്റൈെൻറ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും.
ബ്ലഡ് ഡോണേഴ്സ് കേരള
ബഹ്റൈന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
നിയാർക്ക് ബഹ്റൈൻചാപ്റ്റർ
പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
കാൻസർ കെയർ ഗ്രൂപ്
ബഹ്റൈന് പ്രധാനമന്ത്രി ഖലീഫ ബിന് സല്മാന് ആല് ഖലീഫയുടെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ് അനുശോചിച്ചു. സഹാനുഭൂതിയോടെ രോഗികൾ അടക്കമുള്ളവരെ സഹായിച്ച് മനുഷ്യത്വത്തിെൻറ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഗ്രൂപ് പ്രസിഡൻറ് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റിയും മുഴുവൻ അംഗങ്ങളും ബഹ്റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ
ബഹ്റൈൻ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ഭരണാധികാരിയെയാണ് നമുക്ക് നഷ്ടമായത്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം അത്യധികം അടുപ്പം പുലർത്തി.
ആധുനിക ബഹ്റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും ബഹ്റൈൻ നിവാസികൾക്ക് മികവുറ്റ ജീവിത നിലവാരവും സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താനും ലോകരാജ്യങ്ങളുടെ ശ്രദ്ധയും നിരവധി അംഗീകാരങ്ങളും നേടിയെടുക്കാനും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ബഹ്റൈെൻറ ദുഃഖത്തിലും പ്രാർഥനയിലും സോഷ്യൽ വെൽഫെയർ അസോസിയേഷനും പങ്കുചേരുന്നു.
ബഹ്റൈൻ തിരൂർ കൂട്ടായ്മ
വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു ഖലീഫ ബിന് സല്മാന് ആല് ഖലീഫ. ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ടു നടപ്പാക്കുന്ന ഉത്തമ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിെൻറ ഭരണപാടവം ചരിത്രലിപികളിൽ തുന്നിച്ചേർത്തതാണ്. രാജകുടുംബത്തിലെ അംഗങ്ങൾക്കും ബഹ്റൈൻ ജനതക്കും അവരുടെ വലിയ നഷ്ടത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.
ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ
ബഹ്റൈൻ എന്ന കൊച്ചുരാജ്യത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കിയതിെൻറ നായകനാണ് പ്രിൻസ് ഖലീഫ ബിന് സല്മാന് ആല് ഖലീഫ. രാജ്യത്തെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗത്തേയും അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു.
യു.പി.പി
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിന് സല്മാന് ആല് ഖലീഫയുടെ വേർപാടിൽ യു.പി.പി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്റൈെൻറ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത, ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ രാജ്യത്ത് ഒരു വേർതിരിവുമില്ലാതെ എല്ലാവർക്കും ജീവിക്കാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു.
തണൽ ബഹ്റൈൻ ചാപ്റ്റർ
ബഹ്റൈെൻറ സർവതോമുഖ പുരോഗതിക്കായി കഠിനമായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിന് സല്മാന് ആല് ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തെ ഏറെ അനുകമ്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ബഹ്റൈൻ രാജകുടുംബത്തിനും ജനതക്കും സർക്കാറിനുമുണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ ദുഃഖവും തണൽ ബഹ്റൈൻ ചാപ്റ്റർ രേഖപ്പെടുത്തി.
സിജി ബഹ്റൈൻ
ആധുനിക ബഹ്റൈെൻറ ശിൽപികളിൽ പകരംവെക്കാൻ കഴിയാത്ത വ്യക്തിത്വം ആയിരുന്നു പ്രിൻസ് ഖലീഫ ബിന് സല്മാന് ആല് ഖലീഫ. ബഹ്റൈന് മാത്രമല്ല മധ്യപൂർവ ദേശത്തിന് തന്നെ ഈ നഷ്ടം കനത്തതാണ്. പ്രവാസികളുടെ ഇഷ്ടനാടായി ഈ കൊച്ചുദ്വീപിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിെൻറ ദീർഘവീക്ഷണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും മറ്റും അദ്ദേഹം വലിയ മാറ്റങ്ങൾക്കു നേതൃത്വം നൽകിയതായി സിജി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഷിബു പത്തനംതിട്ട, ചീഫ് കോഒാഡിനേറ്റർ പി.വി. മൻസൂർ എന്നിവർ പറഞ്ഞു.
ഐ.സി.എഫ്
ആധുനിക ബഹ്റൈെൻറ നിർമ്മിതിയിൽ നിസ്തുലമായ പങ്ക് വഹിച്ച പ്രിൻസ് ഖലീഫ ബിന് സല്മാന് ആല് ഖലീഫ പ്രജാവത്സലനും പ്രവാസി സമൂഹത്തോട് വലിയ അനുകമ്പ കാണിച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ ബഹ്റൈൻ രാജകുടുംബത്തിനും ജനങ്ങൾക്കും ഉണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കു ചേരുന്നു. അദ്ദേഹത്തിെൻറ ബഹുമാനാർത്ഥം വ്യാഴാഴ്ച രാത്രി എല്ലാ ഐ.സി.എഫ് കേന്ദ്രങ്ങളിലും പ്രാർത്ഥനാസദസ്സുകൾ സംഘടിപ്പിക്കും.
ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാക്കുകയും ചെയ്ത നന്മ നിറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്
ബഹ്റൈൻ പ്രധാനമന്ത്രി ഷൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സമൂഹത്തോട് വളരെ കരുതലും സ്നേഹവും കാട്ടിയ ഒരു മികച്ച ഭരണാധികാരിയും മനുഷ്യ സ്നേഹിയേയുമാണ് നഷ്ടമായതെന്ന് അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈൻ ശൂരനാട് കൂട്ടായ്മ
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈെൻറ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രവാസ സമൂഹത്തെ ചേർത്ത് പിടിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ബഹ്റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്റൈൻ എന്ന രാജ്യത്തിനും പ്രവാസികൾക്കും തീരാനഷ്ടമാണ്. ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീർഘവീക്ഷണവും ഉള്ള ഒരു പ്രധാനമന്ത്രിയെയാണ് നഷ്ടമായതെന്ന് പ്രസിഡൻറ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള കാത്തലിക് അസോസിയേഷൻ
ബഹ്റൈൻ ജനങ്ങൾക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗം. ബഹ്റൈെൻറ വളർച്ചയിലും വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. യോഗത്തിൽ അരുൾ ദാസ്, വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി തുടങ്ങിയവർ പെങ്കടുത്തു. പ്രധാനമന്ത്രിയോടുള്ള ആദരസുചകമായി കെ.സി.എയുടെ ഔദ്യോഗിക പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കുന്നതായും, അദ്ദേഹത്തിെൻറ കുടുംബത്തിനും ബഹ്റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും നേരിട്ട ദുഖത്തിൽ പങ്കുചേരുന്നതായും പ്രസിഡൻറ് റോയ് സി. ആൻറണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.