മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെയും (ജി.സി.സി) സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷന്റെയും (ആസിയാൻ) ഉച്ചകോടിയിൽ പങ്കെടുക്കാനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സൗദി അറേബ്യയിലെത്തി. ഫലസ്തീൻ പ്രശ്നം പരിഹരിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ഹമദ് രാജാവ് പറഞ്ഞു.
പരിഹാരം കണ്ടെത്താനും സമാധാനം കൈവരിക്കാനുമുള്ള ശ്രമങ്ങളെ രാജ്യം പിന്തുണക്കും. സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പാക്കണം. ഗസ്സയിലെ അതിക്രമം ഉടൻ നിർത്തലാക്കുകയും സിവിലിയൻമാരെ സംരക്ഷിക്കുകയും വേണം.
തടവിലാക്കിയ സാധാരണക്കാരെ മോചിപ്പിക്കണം. ഗസ്സ മുനമ്പിലേക്ക് മെഡിക്കൽ, ദുരിതാശ്വാസ സഹായം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ അനുവദിക്കുന്നതിന് അടിയന്തരമായി ഇടനാഴികൾ തുറക്കണം. സമാധാനം കൈവരിക്കുന്നതിന് സമാധാനപരമായ ശ്രമങ്ങളാണാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ പ്രതിനിധി സംഘവും റിയാദിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് സൗദിയിലെ സൽമാൻ രാജാവിനോട് ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയെ ഹമദ് രാജാവ് ഹമദ് അഭിനന്ദിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ജി.സി.സി-ആസിയാൻ ബന്ധങ്ങളെ പ്രശംസിച്ച ഹമദ് രാജാവ് സംയുക്ത സഹകരണം വിപുലീകരിക്കുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു.
പരസ്പര താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക പങ്കാളിത്തത്തിലൂടെ വികസനം കൈവരിക്കാൻ ചർച്ചകൾ കാരണമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സമാധാനം, സ്ഥിരത, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകും. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ഏകീകരിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം സൗദി ഭരണാധികാരികളെ അഭിനന്ദനം അറിയിച്ചു. ആസിയാൻ രാജ്യങ്ങളുമായുള്ള ഉൽപാദനപരമായ സഹകരണത്തിന് സമ്മേളനം കാരണമാകുമെന്നും ഇരുപക്ഷവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഹമദ് രാജാവ് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.