എ.പി. ഫൈസൽ വില്യാപ്പള്ളി
കോവിഡ് ലോകത്തെ പിടിമുറക്കിയ കാലം. രാജ്യങ്ങളൊക്കെ ലോക്ഡൗണിലേക്ക് പോയപ്പോള്‍ ഗള്‍ഫും അടഞ്ഞുകിടന്നു. ജോലിയും വരുമാനവുമില്ലാതെ ലക്ഷക്കണക്കിന് പ്രവാസികളും. ഓരോദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം കാണുന്ന സമയങ്ങളിലൊക്കെ പ്രവാസി മലയാളി പ്രതീക്ഷയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, എവിടെയും പ്രവാസിക്കു വേണ്ടി ഒരു അക്ഷരം പോലും മിണ്ടിയില്ല. മറിച്ച്, ക്വാറൻറീൻ കാലയളവ് കേന്ദ്രം പോലും കുറച്ചപ്പോള്‍ കേരളം അതിന് തയാറായതുമില്ല.
ഗള്‍ഫിലെ കെ.എം.സി.സി അടക്കമുള്ള കാരുണ്യസംഘടനകള് ചാര്‍ട്ടേഡ് വിമാനത്തിൽ പരമാവധി പേരെ നാട്ടിലെത്തിച്ചപ്പോള്‍ അവിടെയും അവഗണന. ഒരുപക്ഷേ, പ്രവാസിയുടെ പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍ ഒരു സര്‍ക്കാര്‍ ഇത്രയേറെ അകറ്റിനിര്‍ത്തിയ കാലം കഴിഞ്ഞുപോയിട്ടുണ്ടാവില്ല. സംസ്ഥാനത്തിെൻറ നട്ടെല്ലായ പ്രവാസികളെ അകറ്റി നിര്‍ത്തിയ അഞ്ചുവര്‍ഷങ്ങള്‍... ഇടതുപക്ഷത്തിെൻറ ഈ അഞ്ചുവര്‍ഷം ഇങ്ങനെ വിലയിരുത്താനാണ് പ്രവാസലോകം ആഗ്രഹിക്കുന്നത്.
ഏതൊരു സര്‍ക്കാറും ഉണര്ന്നുപ്രവര്ത്തിക്കേണ്ടതും ജനങ്ങളിലേക്കിറങ്ങിച്ചെല്ലേണ്ടതും പ്രതിസന്ധികാലത്താണ്. അക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയായിരിക്കും ആ സര്‍ക്കാറിന് മാര്‍ക്കിടുന്നത്. എന്നാല്‍, കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ കാണിച്ച അവഗണന എന്നും ഒരു മുറിവായി പ്രവാസികളുടെ മനസ്സിലുണ്ടാകും. ജോലി നഷ്ടപ്പെട്ട് നിത്യജീവിതംപോലും ദുസ്സഹമായ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും ജന്മനാട്ടിലെത്തണമെന്ന് ആഗ്രഹിച്ച ആയിരക്കണക്കിനായ പ്രവാസികളെ ചേര്‍ത്തുപിടിക്കാതെ അന്യരെപോലെ അകറ്റിനിര്‍ത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തെ നോര്‍ക്കയോ ലോക കേരളസഭയോ പ്രവാസി കമീഷനോ തിരിഞ്ഞുനോക്കിയില്ല. കെ.എം.സി.സി, ഒ.ഐ.സി.സി തുടങ്ങിയ പ്രവാസി സംഘടനകളുടെയും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുടെയും സഹായം കൊണ്ടുമാത്രമാണ് പലരും ജീവന്‍പോലും നിലനിര്‍ത്തി മുന്നോട്ടുപോയത്.
കോവിഡ് സമയത്ത് പ്രവാസികളെ മരണവാഹകരെന്ന് വിളിച്ചത് ഏവരെയും വേദനിപ്പിച്ചിട്ടുണ്ട്. അതിലേറെ വേദനിപ്പിച്ചത് പ്രവാസികളുടെ യാത്ര തടയാന്‍ സംസ്ഥാനം നടത്തിയ ഇടപെടലുകളാണ്.
ലോക്ഡൗണിന് ശേഷം നാട്ടില്‍ പോവാനുള്ള അവസരം വന്നപ്പോള്‍ വന്ദേഭാരത് മിഷന് അപര്യാപ്തമാണെന്ന് മനസ്സിലാക്കി സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ ഒരുക്കി. എന്നാൽ, പ്രായോഗികമല്ലാത്ത നിബന്ധനകള്‍ മുന്നോട്ടുവെച്ച് യാത്രമുടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്കയുടെ ധനസഹായത്തിന് അപേക്ഷിച്ചവരില്‍ അര ലക്ഷത്തിലധികം പേര്‍ക്ക് ഇന്നും ലഭിച്ചിട്ടില്ല. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച തുച്ഛമായ 5000 രൂപ പോലും ഈ സര്‍ക്കാറിന് നല്കാന് സാധിച്ചില്ലെന്നത് പ്രവാസി വിഷയം സംസ്ഥാന സര്‍ക്കാര്‍ എത്രത്തോളം നിസ്സാരമായാണ് കൈകാര്യം ചെയ്തത് എന്ന് വ്യക്തമാക്കുന്നു.
കൂടാതെ, കോവിഡ് മൂലം ഗള്‍ഫ് നാടുകളില്‍ മരിച്ചുവീണ നൂറുകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് ഒരു രൂപ പോലും ആശ്വാസ സഹായമായി നല്കാന് ഈ സര്‍ക്കാറിന് സാധിച്ചിട്ടില്ല.ഇക്കാര്യത്തില്‍ അനാഥമായ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന വാക്കു പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
നോര്‍ക്ക് റൂട്ട്സ് പ്രവാസികള്‍ക്ക് വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പുകള്‍ മുന്നറിയിപ്പില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.1200 പേര് ഒരു കേന്ദ്രത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്നു. ആവശ്യമായ രേഖകളും പ്രോജക്ട് റിപ്പോര്‍ട്ടുമായി എത്തിയ പ്രവാസികളെ മടക്കി അയച്ചു. മാത്രമല്ല വീടും പറമ്പും പണയം വെച്ചാലെ തുക അനുവദിക്കുകയുള്ളൂ എന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനം വാര്‍ത്തകളില്‍ കേട്ടതല്ലാതെ അത് പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രവാസികളെ എന്നും വഞ്ചിച്ച സര്‍ക്കാര്‍ ഇതിലും സമാന മനോഭാവം തുടര്‍ന്നു.
12 കോടി ചെലവഴിച്ച് രൂപവത്കരിച്ച ലോക കേരള സഭക്ക് ഈ വര്‍ഷം ബജറ്റില്‍ നയാ പൈസ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.പ്രവാസികളെ സംസ്ഥാനവുമായി അടുപ്പിക്കുക എന്നതാണ് ലോക കേരള സഭയുടെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് കോടികള്‍ മുടക്കി ധൂര്‍ത്ത് പരിപാടി നടത്തിയത്. കോവിഡ് മൂലം പ്രവാസികള്‍ പ്രയാസപ്പെട്ടപ്പോള്‍ ലോക കേരള സഭകൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല.
പ്രവാസി ക്ഷേമനിധിയിലൂടെ പ്രവാസികളെ പിഴിഞ്ഞെടുക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും മറുനാടന്‍ പ്രവാസികള്‍ക്കുമുള്ള ക്ഷേമനിധി അടവ് ഒറ്റയടിക്ക് 100 ശതമാനമാണ് വര്‍ധിപ്പിച്ചത്. വിദേശത്തുള്ളവരുടെ ക്ഷേമനിധി അടവ് 300 എന്നത് 350 ആക്കി ഉയര്‍ത്തി. കൂടാതെ, അടവ് മുടങ്ങിയവര്‍ക്ക് ഭീമമായ പിഴ വാങ്ങുന്നത് തുടരുകയാണ്. പ്രവാസി പെന്ഷന് ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ പ്രത്യേക ചാര്‍ജും ഈടാക്കുന്നു. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനും കഴിയുന്നില്ല. ഇതിനുവേണ്ടി പ്രത്യേക ആപ്ലിക്കേഷനോ സൈറ്റ് വിപുലീകരണമോ നടത്തിയിട്ടില്ല.
നേരത്തേ ക്ഷേമ പെന്ഷന് ലഭിച്ച മിക്ക പ്രവാസികളുടെയും പെന്ഷന് മുടക്കുന്ന നടപടിയാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. 1000 സ്ക്വയര്‍ ഫീറ്റ് വീടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ നടപ്പാക്കിയ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കുശേഷം പുതുതായി ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിനോ നോര്‍ക്കക്കോ കഴിഞ്ഞിട്ടില്ല. പ്രവാസികള്‍ക്കുള്ള മരണ സഹായം 10,000ല്‍നിന്ന് ഒരു ലക്ഷമാക്കിയതും ചികിത്സ സഹായം 10,000ല്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയതും യു.ഡി.എഫ് സര്‍ക്കാറായിരുന്നു. കൂടാതെ, വിവധ മേഖലകളില്‍ പ്രാവീണ്യം നേടിയ പ്രവാസികളുടെ കഴിവും നൈപുണ്യവും വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
ഏവരും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട നോര്‍ക്ക ജോബ് പോര്‍ട്ടലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത 10 ശതമാനം പേര്‍ക്ക് പോലും ജോലി നേടിക്കൊടുക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചിട്ടില്ല. 50,000ലധികം പേരാണ് സര്‍ക്കാറിെൻറ ഈ 'തള്ള്' കേട്ട് ഗള്‍ഫില്‍ ഒരു ജോലി എന്ന പ്രതീക്ഷയോടെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തിെൻറ വരുമാനത്തില്‍ വലിയൊരു പങ്കും ഗള്‍ഫ് നാടുകളില്നിന്നാണെന്ന യാഥാർഥ്യംപോലും വിസ്മരിക്കുകയാണ്. പല പ്രതിസന്ധികാലത്തും പ്രത്യേകിച്ച് പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങേകാന്‍ കേന്ദ്രം പോലും മടികാണിച്ച് നിന്നപ്പോള്‍ നാടിനെ ചേര്‍ത്തുപിടിച്ചവരാണ് പ്രവാസികള്‍. അങ്ങനെയുള്ള ഒരു വലിയ സമൂഹത്തെ അവഗണിച്ച അഞ്ചു വര്‍ഷക്കാലത്തെ ഭരണത്തിനുള്ള പരിസമാപ്തി കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്.
കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.