മനാമ: പ്രവാസി തൊഴിലാളികള്‍ക്ക് നിയമവിധേയമായി വിവിധ തൊഴിലുടമകളുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്’ ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്.
വിവിധ കാരണങ്ങളാല്‍ ചൂഷണം അനുഭവിക്കുന്ന 10,000ത്തിലധികം വരുന്ന അനധികൃത തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘റണ്‍എവെ’ കേസുള്ളവര്‍ക്കും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ കോടതി കേസുള്ളവര്‍ക്കും ഇതിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാകില്ല.
ഇതു സംബന്ധിച്ച എല്‍.എം.ആര്‍.എ പ്രഖ്യാപനം അധികം വൈകാതെയുണ്ടാകുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രിയും എല്‍.എം.ആര്‍.എ ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’നായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും മുമ്പ് നടത്തേണ്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. മുന്‍ കാലങ്ങളില്‍ തൊഴിലുടമയില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന തൊഴിലാളികള്‍ക്ക് പുതിയ നിയമം അനുഗ്രഹമാകുമെന്നും അദ്ദേഹം സനാബിസില്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു.
തൊഴില്‍ വിപണി സംബന്ധിച്ച് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംബന്ധിക്കാനത്തെിയതായിരുന്നു അദ്ദേഹം. ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്’ രാജ്യത്ത് നടപ്പാക്കുമെന്ന് നേരത്തെ മന്ത്രിസഭ വ്യക്തമാക്കിയിരുന്നു. ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’നായി തൊഴിലാളിക്ക് പ്രതിമാസം 30 ദിനാര്‍ ചെലവ് വരും.
ഇതിനുപുറമെ, അപേക്ഷ നല്‍കുന്ന വേളയില്‍ 200 ദിനാറും നല്‍കേണ്ടി വരും. എന്നാല്‍, റണ്‍എവെ കേസുള്ള തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ല. ഈ പദ്ധതിയനുസരിച്ച്, തൊഴിലാളികള്‍ക്ക് ഏതെങ്കിലും തൊഴിലുടമയുടെയോ വ്യക്തികളുടെയോ അടുത്ത് താല്‍ക്കാലിക ജോലികള്‍ ചെയ്യാനാകും. എന്നാല്‍, പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമുള്ള നഴ്സിങ്, എഞ്ചിനിയറിങ് പോലുള്ള ജോലികള്‍ ഇതിന്‍െറ പരിധിയില്‍ വരില്ല.
തൊഴിലാളികളെ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്ന പുതിയ സംവിധാനത്തെ കുറിച്ച് കഴിഞ്ഞ മാസത്തെ കാബിനറ്റ് യോഗത്തിനുശേഷം സംസാരിക്കവെ കാബിനറ്റ് സെക്രട്ടറി ജനറല്‍ ഡോ. യാസില്‍ അല്‍ നാസിര്‍ ഈ നീക്കം സ്വകാര്യമേഖലക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്വകാര്യമേഖലയില്‍ താല്‍ക്കാലിക ജോലികള്‍ക്കായി അനധികൃത തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ വിസ ചെലവ് മുഴുവന്‍ വഹിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍, മറ്റുചിലര്‍ ഫ്രീവിസക്കാരെ വളരെ ചെറിയ ശംബളത്തിന് നിയമിച്ച് തട്ടിപ്പുനടത്തുന്ന പ്രവണത അവസാനിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. പുതിയ പദ്ധതിയ വഴി 10,000ത്തോളം അനധികൃത തൊഴിലാളികള്‍ക്ക് തൊഴില്‍ വിപണിയിലേക്ക് നിയമപരമായി പ്രവേശിക്കാനുള്ള സാധ്യത തെളിയുമെന്ന് തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി അഭിപ്രായപ്പെട്ടു. ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’ന്‍െറ അപേക്ഷകന്‍ തന്നെയായിരിക്കും തന്‍െറ സ്പോണ്‍സര്‍. ഇവര്‍ക്ക് രണ്ടുവര്‍ഷം വിവിധ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കും.
ചില സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് ഇവരെ മുഴുവന്‍ സമയ ജീവക്കാരായി നിയമിക്കണമെങ്കില്‍ അതിനുള്ള സാഹചര്യവും ഒരുക്കും. അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് നിയമപരമായ രേഖ അനുവദിക്കും. ഇത് എല്‍.എം.ആര്‍.എ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന നടക്കുന്ന വേളയില്‍ കാണിക്കേണ്ടതാണ്. രേഖ കാണിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകില്ല. കരാര്‍ പ്രകാരം നിയമനം ലഭിച്ച പ്രവാസികള്‍ ഈ പദ്ധതിയില്‍ വരില്ല. അനധികൃത തൊഴിലാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിയമ സാധുതയുള്ള തൊഴില്‍ പെര്‍മിറ്റുമായി ബഹ്റൈനില്‍ എത്തുകയും പിന്നീട് താല്‍ക്കാലിക ജോലികള്‍ ചെയ്ത് ഇവിടെ തങ്ങുകയും ചെയ്തവരെയാണ്. കഴിഞ്ഞ വര്‍ഷത്തെ പൊതുമാപ്പ് വേളയില്‍ 31,894 പ്രവാസി തൊഴിലാളികള്‍ ബഹ്റൈനില്‍ ജോലി ചെയ്യാനുള്ള നിയമപരമായ രേഖകള്‍ ശരിയാക്കിയിരുന്നു. 10,125 പേര്‍ ബഹ്റൈന്‍ വിടുകയും ചെയ്തു. പോയ വര്‍ഷത്തെ കണക്കുകള്‍ പറയുന്നത് ബഹ്റൈനില്‍ 60,000 അനധികൃത താമസക്കാരുണ്ടെന്നാണ്.
കഴിഞ്ഞ വര്‍ഷം ‘ബഹ്റൈന്‍ സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്‍റര്‍നാഷണല്‍ ആന്‍റ് എനര്‍ജി സ്റ്റഡീസും’ ബി.സി.സി.ഐയും ചേര്‍ന്ന് ഫ്രീവിസക്കാരെക്കുറിച്ച് നടത്തിയ പഠനത്തില്‍, വിദേശ തൊഴിലാളികളുടെ സ്പോണ്‍സര്‍മാരാകണമെന്നും അവരുടെ സേവനം താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നും ബഹ്റൈനില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളോട് നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.