മനാമ: സുദീർഘമായ സേവനകാലയളവ് പൂർത്തിയാക്കി, എയർ ഇന്ത്യ എയർപോർട്ട് മാനേജർ രാജേന്ദർ കുമാർ മൽഹോത്ര സർവിസിൽനിന്ന് വിരമിക്കുകയാണ്. ബഹ്റൈനിലെ നാലര വർഷത്തെ ഔദ്യോഗിക ജീവിതമായിരുന്നു സർവിസിലെ അവസാനവർഷങ്ങൾ.
1985ലാണ് മൽഹോത്ര എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ സേവനമനുഷ്ഠിച്ചു. 2020ലാണ് ബഹ്റൈനിലെത്തുന്നത്. എയർപോർട്ട് മാനേജർ എന്ന നിലക്ക് ഈ കാലഘട്ടത്തിൽ പ്രവാസികൾക്കായി നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്.
കോവിഡ് കാലത്ത് നാട്ടിലേക്ക് പോകാൻ ഒരുങ്ങിനിന്നിരുന്ന പ്രവാസികൾക്കും സാമൂഹികപ്രവർത്തകർക്കും ആശ്വാസമായിരുന്നു മൽഹോത്രയുടെ സാന്നിധ്യം.
ഈ സമയത്തെ വന്ദേഭാരത്, എയർ ബബിൾ സർവിസുകളിലും ചാർട്ടേഡ് വിമാനങ്ങളിലും യാത്രക്കാരെ നാട്ടിലേക്ക് കയറ്റിവിടാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി മൽഹോത്ര സേവനസന്നദ്ധനായി മുന്നിലുണ്ടായിരുന്നെന്ന് സാമൂഹിക പ്രവർത്തകർ അനുസ്മരിക്കുന്നു. ഹജ്ജ് ഡ്യൂട്ടിയുടെ ഭാഗമായി സൗദിയിലെ ജിദ്ദയിലും പ്രവർത്തിച്ചിട്ടുണ്ട്. ബഹ്റൈനിലെ അധികൃതരും പ്രവാസികളുമടക്കം എല്ലാവരും വലിയ സ്നേഹവും സഹകരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസിന്റെ ഓപറേഷനൽ പ്രശ്നങ്ങൾ അധികം താമസിയാതെത്തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭോപാൽ സ്വദേശിയായ മൽഹോത്ര എം.എസ്.സി ബിരുദധാരിയാണ്. പേഴ്സനൽ മാനേജ്മെന്റിലും പി.ജി നേടിയിട്ടുണ്ട്.
മധ്യപ്രദേശ് സർക്കാർ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയായ മാധവി മൽഹോത്രയാണ് ഭാര്യ. മക്കളായ ഐശ്വര്യയും ശൈര്യയും കാനഡയിലാണ്. ജൂലൈ 15ന് മൽഹോത്ര ഭോപാലിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.